വയനാട്ടില്‍ മദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു

വെള്ളമുണ്ട വാരാമ്പറ്റയിൽ അച്ഛനും മകനും ഉൾപ്പെടെ മൂന്നു പേർ മരിച്ചതു വിഷമദ്യം അകത്തു ചെന്നാണെന്നു സംശയം. വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗന്നായി (75), മകൻ പ്രമോദ് (35), ബന്ധു പ്രസാദ് (35) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 11 മണിക്കു പൂജ ചെയ്യാനായി വീട്ടിലെത്തിയ ആൾ നൽകിയ മദ്യം കഴിച്ച് അവശനിലയിലായ തിഗന്നായി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. വാർധക്യസഹജമായ രോഗങ്ങൾ ഉണ്ടായിരുന്ന ആളായിരുന്നതിനാൽ മരണകാരണം മദ്യമായിരിക്കില്ലെന്നാണു ബന്ധുക്കൾ ആദ്യം കരുതിയിരുന്നത്. ഇന്നു സംസ്കാരം നടത്താൻ നിശ്ചയിക്കുകയും ചെയ്തു.

തിഗന്നായുടെ മരണത്തിന് പിന്നാലെ ഇന്നലെ രാത്രി 10 മണിയോടെ പ്രമോദും പ്രസാദും കുഴഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും പ്രമോദ് യാത്രാമധ്യേയും പ്രസാദ് ആശുപത്രിയില്‍ വെച്ചും മരിക്കുകയായിരുന്നു. പൂജയ്ക്കായി കൊണ്ടുവന്ന വിദേശമദ്യമാണ് ഇരുവരും കഴിച്ചിരുന്നത്. മദ്യത്തില്‍ വിഷം കലര്‍ന്നിരുന്നതായി സംശയിക്കുന്നെന്ന് വെള്ളമുണ്ട പോലീസ് പറഞ്ഞു.  പോസ്റ്റ്‍മോര്‍ട്ടം നടത്തിയിട്ടില്ലെന്നും  ഇത് കഴിഞ്ഞാലേ എന്തെങ്കിലും വ്യക്തമാകൂനെന്നും പോലീസ് പറഞ്ഞു.

error: Content is protected !!