മലപ്പുറത്ത് ഹര്‍ത്താലനൂകൂലികള്‍ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും മര്‍ദ്ദിച്ചു

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് കൊണ്ട് ബി.ജെ.പിയുടെ പിന്തുണയോടെ നടക്കുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമം. മലപ്പുറത്ത് ഹര്‍ത്താലനൂകൂലികള്‍ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദ്ദിച്ചു. തിരൂര്‍ സ്വദേശി നിഷയ്ക്കും ഭര്‍ത്താവ് രാജേഷിനുമാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിൽ നിന്ന് പിടിച്ചിറക്കി മർദ്ദിച്ചെന്നാണ് പരാതി.

ബൈക്കില്‍ വരികയായിരുന്ന ദമ്പതികളെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയും ബൈക്ക് മറിച്ചിടാന്‍ ശ്രമിച്ചുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ഭാര്യയേയും തന്നെയും സംഘം കൈയേറ്റം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നും രാജേഷ് പറഞ്ഞു. എന്‍ഡിഎ പിന്തുണയോടെ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ താനൂരിലും ആക്രമണമുണ്ടായിരുന്നു. സമരാനുകൂലികള്‍ നടത്തിയ കല്ലേറില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

error: Content is protected !!