സിപിഎം നേതാവ് എംഎം ലോറൻസിന്‍റെ ചെറുമകന്‍ ബിജെപിയുടെ ഉപവാസവേദിയില്‍

സിഐടിയു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന സിപിഎം നേതാവുമായ എംഎം ലോറൻസിന്റെ  ചെറുമകൻ ഇമ്മാനുവൽ മിലൻ ജോസഫ് ബിജെപി സമര പന്തലിൽ. അയ്യപ്പന്മാരെ വേട്ടയാടുന്ന പിണറായി സർക്കാരിന്റെ നയത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ പിള്ള ഡിജിപി ഓഫീസിന് മുൻപിൽ നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് ഇമ്മാനുവൽ മിലൻ എത്തിയത്.

തന്നെ അമ്മയാണ് സമരപന്തലില്‍ കൊണ്ടാക്കിയതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്നും മിലന്‍ പ്രതികരിച്ചു. ശബരിമല വിശ്വാസികള്‍ക്കെതിരെ പെലീസ് നടത്തിയ അതിക്രമങ്ങള്‍ക്കെതിരായ നിലപാടുമായാണ് സമരവേദിയിലെത്തിയതെന്ന് മിലന്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമുണ്ടെന്നും അത് പഠിക്കുകയാണെന്നും ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മിലന്‍ വ്യക്തമാക്കി. എംഎം ലോറന്‍സിന്‍റെ മകള്‍ നേരിട്ട് വിളിച്ച് പിന്തുണയറിയിച്ചുവെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥയായതുകൊണ്ടാണ് സമരത്തില്‍ പങ്കെടുക്കാത്തതെന്നും അവരാണ് മകനെ വേദിയില്‍ വിട്ടതെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

error: Content is protected !!