സര്‍ക്കാര്‍ മുട്ടുമടക്കി: കര്‍ഷകര്‍ സമരം അവസാനിപ്പിച്ചു

വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക സമരം അവസാനിപ്പിച്ചു. ദല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിച്ചതോടെ് ദല്‍ഹി കിസാന്‍ ഘട്ടിലെത്തിയ കര്‍ഷകര്‍ പുലര്‍ച്ചയോടെയാണ് സമരം പിന്‍വലിച്ചത്. അതേസമയം കര്‍ഷകര്‍ ഉന്നയിച്ച പതിനൊന്ന് ആവശ്യങ്ങളില്‍ ഏഴെണ്ണം മാത്രമേ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളു. അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരം ആവര്‍ത്തിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

എല്ലാ പ്രതിബന്ധങ്ങളെയും നിര്‍ഭയമായി നേരിട്ടാണ് യാത്ര 12 ദിവസം കൊണ്ട് ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നതെന്നും അത് കര്‍ഷകരുടെ വിജയമാണെന്നും ഭാരതീയ കിസാന്‍ യൂണിയല്‍ പ്രസിഡന്റ് നരേഷ് തികൈത് പറഞ്ഞു. കര്‍ഷകര്‍ ക്ഷീണിതരാണ്. അതുകൊണ്ട് യാത്ര അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു.

സെപ്റ്റംബര്‍ 23ന് ഹരിദ്വാറില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ എഴുപതിനായിരത്തോളം കര്‍ഷകരാണ് പങ്കെടുത്തത്. സ്വാമിനാഥന്‍ കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുക, കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുക, രാജ്യതലസ്ഥാന മേഖലയില്‍ 10 വര്‍ഷം പഴക്കമുള്ള ട്രാക്ടറുകള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തിയത്. ഇന്നലെ റാലിയില്‍ കര്‍ഷകരെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദില്‍ തടയാനുള്ള പൊലീസിന്റെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.

error: Content is protected !!