ഡെപ്യൂട്ടി മേയർ സ്ഥാനം താൻ രാജിവച്ചു എന്നത് വ്യാജ വാർത്ത: പി.കെ രാഗേഷ്

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയർ സ്ഥാനം താൻ രാജിവച്ചു എന്ന് സോഷ്യൽ മീഡിയയിൽ
വ്യാജവാർത്ത പ്രചരിക്കുന്നതായി പി.കെ രാഗേഷ്. അതിൽ യാതൊരു കഴമ്പുമില്ലെന്നും ആരോ മനപ്പൂർവ്വം കെട്ടിച്ചമച്ചതാണെന്നും പി.കെ രാഗേഷ് അറിയിച്ചു.

കുറച്ചു ദിവസമായി ഇത്തരം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍ ഉള്‍പ്പെടെ എല്‍ഡിഎഫ് പ്രാദേശിക നേതൃത്വം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ലൈംഗിക ആരോപണ വിവാദവുമായി ബന്ധപ്പെട്ട് പി കെ  രാഗേഷ് രാജി വച്ചു എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

എന്നാല്‍ കുറച്ചു ദിവസങ്ങളായി കണ്ണൂരിലെ പ്രാദേശിക കോണ്ഗ്രസ് നേതൃത്വം  പി കെ  രാഗേഷിനെ തിരികെ കോണ്‍ഗ്രസിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ് ആയതോടെ സംസ്ഥാന നേതൃത്വവും സമവായത്തിന് ഇടപെട്ടിരുന്നു.

മേയര്‍ സ്ഥാനത്തേക്ക് സുമ ബാലകൃഷ്ണനെ പരിഗണിക്കരുത് എന്നതടക്കമുള്ള   രാഗേഷിന്റെ   പഴയ ആവശ്യങ്ങള്‍ ഒക്കെ അംഗീകരിച്ചു കൊണ്ടായിരുന്നു കോണ്ഗ്രസ് ഇടപെടല്‍.   എന്നാല്‍    ഇതിനൊന്നും വഴങ്ങാന്‍ രാഗേഷ് തയാറായിരുന്നില്ല.  ഈ പശ്ചാത്തലത്തിലാണ്   സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം ശക്തമായത്.

 

error: Content is protected !!