വ്യാജ വിലാസവുമായി ബ്രൂവറി കമ്പനി; നല്‍കിയത് അരുണാചല്‍ മുന്‍ മുഖ്യമന്ത്രിയുടെ വിലാസം

കൊച്ചി കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ ബ്രൂവറിക്ക് അനുമതി നേടിയ പവര്‍ ഇന്‍ഫ്രാ ടെക്കിന്റെ വിലാസത്തില്‍ ഒരു സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തല്‍. ഡല്‍ഹിയില്‍ ഉന്നതര്‍ താമസിക്കുന്ന ന്യൂഫ്രണ്ട്‌സ് കോളനിയിലെ ഒരു വീടാണ് കമ്പനി രജിസ്‌ട്രേഡ് വിലാസമായി കാണിച്ചിരുന്നത്. അരുണാചല്‍ മുന്‍ മുഖ്യമന്ത്രി മുകുട് മീതിയുടെ വീടാണിത്.

ഡി-954 സെക്കന്‍ഡ് ഫ്‌ളോര്‍ ന്യൂഫ്രണ്ട്‌സ് കോളനി, ഡല്‍ഹി എന്നാണ് പവര്‍ ഇന്‍ഫ്രാ ടെക് കമ്പനിയുടെ രജിസ്‌ട്രേഡ് മേല്‍വിലാസം. കമ്പനിയുടെ വെബ്‌സൈറ്റിലും ഈ വിലാസമുണ്ട്.

എന്നാല്‍ നാലുനിലയുള്ള കൊട്ടാര സദൃശ്യമായ ഈ വീട് ഇപ്പോള്‍ പൂട്ടികിടക്കുകയാണ്. കെട്ടിടത്തില്‍ ഒരു കമ്പനിയും പ്രവര്‍ത്തിക്കുന്നില്ല.കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇത്തരത്തില്‍ ഒരു കമ്പനിയും ഇവിടെയില്ലെന്നാണ്  വാച്ച്മാന്‍ പറയുന്നത്. അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ മുന്‍ എംപിയുമായ മുകുട് മീതിയുടെ സ്വകാര്യഭവനമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ ഔദ്യോഗിക വസതിയുള്ള മുകുട് മീതിയും കുടുംബവും വല്ലപ്പോഴുമാണ് ഇങ്ങോട്ടേക്കെത്തുക. പവര്‍ ഇന്‍ഫ്രാ ടെക് എങ്ങനെ ഈ വിലാസം ഉപയോഗിച്ചു എന്ന കാര്യം അറിയില്ലെന്നും മുകുട് മീതിയുടെ ഓഫീസ് അറിയിച്ചു.

error: Content is protected !!