ഡിവൈഎഫ‌്ഐ കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന‌് തുടങ്ങും

ഡിവൈഎഫ‌്ഐ ജില്ലാസമ്മേളനം വ്യാഴാഴ‌്ച രാവിലെ ഒമ്പതിന‌് ഇരിട്ടിയിൽ എഴുത്തുകാരനും വാഗ‌്മിയുമായ സുനിൽ പി ഇളയിടം ഉദ‌്ഘാടനം ചെയ്യും. നേരമ്പോക്ക‌് റോഡ‌് പരിസരത്ത‌് പ്രത്യേകം സജ്ജമാക്കിയ കൂത്തുപറമ്പ‌് രക‌്തസാക്ഷി നഗറിലാണ‌് രണ്ടു ദിവസത്തെ സമ്മേളനം. സമ്മേളനത്തിന‌് തുടക്കം കുറിച്ച‌് പ്രതിനിധി സമ്മേളനനഗരിയിൽ ജില്ലാ പ്രസിഡന്റ‌് എം ഷാജർ പതാകയുയർത്തും. ജില്ലാ സെക്രട്ടറി വി കെ സനോജ‌് പ്രവർത്തനറിപ്പോർട്ട‌് അവതരിപ്പിക്കും.

ജില്ലയിലെ 3589 യൂണിറ്റുകളെയും 262 മേഖലാ കമ്മിറ്റികളെയും 5,99,612 അംഗങ്ങളെയും പ്രതിനിധീകരിച്ച‌് 350 പ്രതിനിധികളും ജില്ലാ കമ്മിറ്റിയിലെ 55 പേരും സമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി എം സ്വരാജ‌് എംഎൽഎ, പ്രസിഡന്റ‌് എ എൻ ഷംസീർ എംഎൽഎ, എ എ റഹീം, പി പി ദിവ്യ, ബിജു കണ്ടക്കൈ, എസ‌് സതീഷ‌് എന്നിവരും പങ്കെടുക്കും.

പ്രതിനിധികളെ വരവേറ്റ‌് 18 അംഗ കലാട്രൂപ്പിന്റെ നേതൃത്വത്തിൽ സ്വാഗതഗാനത്തിന്റെ അകമ്പടിയിൽ ചിട്ടപ്പെടുത്തിയ സംഗീതശിൽപത്തിന്റെ ആവിഷ‌്കാരം വേദിയിലൊരുക്കിയിട്ടുണ്ട‌്. എ വി രഞ‌്ജിത്ത‌് പയ്യന്നൂർ, കെ വി ജിജിൽ എന്നിവരുടെ നേതൃത്വത്തിൽ നൃത്താധ്യാപകൻ സന്തോഷ‌് കരിക്കോട്ടക്കരിയാണ‌് സ്വാഗതഗാന സംഗീതശിൽപം ചിട്ടപ്പെടുത്തിയത‌്.

കാൽനൂറ്റാണ്ടിനു ശേഷമാണ‌് ഇരിട്ടിയിൽ ജില്ലാ യുവജനസമ്മേളനം നടക്കുന്നത‌്. മൂന്ന‌് മാസങ്ങൾക്ക‌് മുമ്പെ 6000 വീടുകളിൽ ഹുണ്ടികപ്പെട്ടികൾ സ്ഥാപിച്ച‌് സമ്മേളനചെലവിലേക്കുള്ള ഫണ്ട‌് ജനകീയമായി സ്വരൂപിച്ചു. സമ്മേളനാവശ്യത്തിനുള്ള അരി കണ്ടെത്താൻ ഡിവൈഎഫ‌്ഐ മേഖലാ കമ്മിറ്റികൾ നടത്തിയ ജൈവനെൽകൃഷിയിൽ കൊയ‌്ത്തുത്സവം കഴിഞ്ഞു. ശുദ്ധജലാശയ മത്സ്യകൃഷിക്കും സംഘടന നേതൃത്വം നൽകി. രാജ്യാന്തര വോളിയിൽ പ്രിൻസസ‌് കപ്പിൽ കളിച്ച‌് മികച്ച ബ്ലോക്കറെന്ന ഖ്യാതി നേടിയ ഉളിക്കൽ വയത്തൂരിലെ അനഘ രാധാകൃഷ‌്ണന‌് സമ്മേളന ഭാഗമായി ഡിവൈഎഫ‌്ഐ നേതൃത്വത്തിൽ വീട‌് നിർമിച്ച‌് നൽകുന്ന പ്രവർത്തനവും സ്വാഗതസംഘം നേതൃത്വത്തിൽ നടക്കുന്നു
.
വ്യാഴാഴ‌്ച വൈകിട്ട‌് നാലിന‌് ജില്ലയിലെ ആദ്യകാല യുവജന നേതാക്കൾക്കുള്ള ആദരസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ ഉദ‌്ഘാടനം ചെയ്യും.

error: Content is protected !!