ആചാരങ്ങളെ വിശ്വസിക്കുന്ന സ്ത്രീകള്‍ ശബരിമലയില്‍ വരില്ലെന്ന് ദേവസ്വം ബോര്‍ഡ്

ആചാരങ്ങളെ വിശ്വസിക്കുന്ന സ്ത്രീകള്‍ ശബരിമലയില്‍ വരില്ലെന്ന് ദേവസ്വം ബോര്‍ഡ്. പേരെടുക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ വന്നേക്കാമെന്നാം ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു. തുലാമാസ പൂജകള്‍ക്കായി നടതുറക്കാന്‍ രണ്ടു ദിവസംമാത്രം ശേഷിക്കെ സ്ത്രീപ്രവേശ വിഷയത്തില്‍ ദേവസ്വംബോര്‍ഡ് കൂടിയാലോചനകള്‍ക്കായി ക്ഷേത്രവുമായി ബന്ധപ്പെട്ടവരെ ക്ഷണിച്ചിരുന്നു.

നാളെ രാവിലെ 10 മണിക്ക് ബോര്‍ഡ് ആസ്ഥാനത്ത് ചര്‍ച്ചയ്ക്കായി തന്ത്രി സമാജം, പന്തളം കൊട്ടാരം, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം, ശബരിമല തന്ത്രിമാര്‍, താഴമണ്‍ കുടുംബം, യോഗക്ഷേമസഭ എന്നിവരെയാണ് ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കണമോ എന്ന് ഇവര്‍ തീരുമാനിച്ചിട്ടില്ല.

നാളത്തെ ചര്‍ച്ച തുറന്ന മനസ്സോടെയാണെന്നും ശബരിമലയെ രാഷ്ട്രീയപ്രശ്‌നമായി കരുതുന്നില്ലെന്നും ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞിരുന്നു. കോടതിവിധി വന്നശേഷം വിധിയെ സ്വീകരിക്കുന്നു എന്നതായിരുന്നു ദേവസ്വം ബോഡിന്റെ നിലപാട്. എന്നാല്‍ പിന്നീട് പുനഃപരിശോധനാ ഹരജി നല്‍കണമെന്ന ആവശ്യവുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിരുന്നു.

ക്ഷേത്രാചാരങ്ങള്‍ അതേപടി തുടരണമെന്ന നിലപാട് ബോര്‍ഡിനുണ്ടായിരുന്നെങ്കിലും അത് പരസ്യമായി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ബുധനാഴ്ച വൈകിട്ടാണ് നട തുറക്കുന്നത്. പൂജകള്‍ വ്യാഴാഴ്ച രാവിലെ തുടങ്ങും. പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് അന്നാണ്.

You may have missed

error: Content is protected !!