യുവതികള്‍ പ്രവേശിച്ചാല്‍ നടയടക്കുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ ദേവസ്വം ബോര്‍ഡംഗം

ശബരിമലയില്‍ യുവതി പ്രവേശത്തില്‍ നടയടക്കുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസ്. ആചാരങ്ങള്‍ ലംഘിച്ചാല്‍ നടയടയ്ക്കുമെന്ന കണ്ഠരര് രാജീവരുടെ സമീപനത്തോട് യോജിപ്പില്ലെന്ന് ശങ്കര്‍ദാസ് വ്യക്തമാക്കി. പരികര്‍മികളുടെ പ്രതിഷേധവും ക്ഷേത്രത്തിന് കളങ്കം വരുത്തി എന്നും അദ്ദേഹം വിമര്‍ശിച്ചു.

പന്തളം കൊട്ടാരം പറയുന്നത് തന്ത്രി അനുസരിക്കണമെന്നില്ല. ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമല കയറാമെന്നാണ് സുപ്രീംകോടതി വിധി. ആ വിധി അംഗീകരിക്കാന്‍ തന്ത്രിക്കും ബാധ്യതയുണ്ടെന്നും അല്ലാതെ തോന്നുമ്പോള്‍ നടയടച്ച് പോകാന്‍ പറ്റില്ലെന്നും ശങ്കര്‍ദാസ് പ്രതികരിച്ചു. പൂജയില്‍ മേല്‍ശാന്തിമാരെ സഹായിക്കാന്‍ വേണ്ടിയാണ് പരികര്‍മ്മികളുള്ളത്. അവരുടെ ജോലി സമരം ചെയ്യല്ല. അതുകൊണ്ടാണ് അവരോട് വിശദീകരണം ചോദിച്ചുട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇന്നലെ മല കയറാനെത്തിയ യുവതികളുടെ പിന്മാറ്റത്തിന് വഴിയൊരുക്കിയത് നടയടച്ചിടുമെന്ന തന്ത്രിയുടെ നിലപാടും സര്‍ക്കാര്‍ ഇടപെടലുമാണ്. യുവതികള്‍ പതിനെട്ടാംപടി ചവിട്ടിയാല്‍ ശ്രീകോവില്‍ അടയ്ക്കുമെന്ന് തന്ത്രി കണ്ഠര് രാജീവര് നിലപാട് എടുക്കുകയായിരുന്നു.

 

error: Content is protected !!