ഋതുമതിയായാ ദുര്‍ഗ്ഗാദേവിയുടെ ചിത്രം വരച്ചു; ചിത്രകാരനെതിരെ സൈബര്‍ ആക്രമണം

ഋതുമതിയായാ ദുര്‍ഗ്ഗാദേവിയുടെ ചിത്രം വരച്ച് അനികേത് മിത്ര എന്ന കലാകാരനെതിരെ സൈബര്‍ ആക്രമണം. ദുര്‍ഗ്ഗാ പൂജയോട് അനുബന്ധിച്ച്, ആര്‍ത്തവമുള്ള സ്ത്രീകളെ ദുര്‍ഗ്ഗ പൂജ ആഘോഷങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യപ്പെട്ടാണ് മിത്ര ചിത്രം വരച്ചത്. ഒരു സാനിറ്ററി പാഡില്‍ ചുവന്ന നിറത്തില്‍ താമര വരച്ച് ചുറ്റും ദേവിയുടെ ചിത്രങ്ങള്‍ വച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ചിലര്‍ പ്രതിഷേധവുമായി എത്തിയത്.

ദുര്‍ഗാ പൂജാ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ആര്‍ത്തവമുളള സ്ത്രീയെ ആണ് താന്‍ ചിത്രത്തില്‍ ഉദ്ദേശിച്ചതെന്ന് മിത്ര പറയുന്നു. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ മിത്രയ്ക്കെതിരെ  ഭീഷണി സന്ദേശങ്ങള്‍ എത്തി. ”ഇത് തെന്നിന്ത്യയിലാണെങ്കില്‍ ആളുകള്‍ അയാളുടെ കൈ വെട്ടിമാറ്റിയിട്ടുണ്ടാകും. ഞങ്ങള്‍ ബംഗാളികള്‍ ക്ഷമയുള്ളവരാണ്. എന്നാല്‍ ദേവി ദുര്‍ഗയെ അധിക്ഷേപിക്കുന്നത് സഹിക്കാനാവില്ല” ചിത്രത്തിന് കീഴില്‍ നല്‍കിയ കമന്‍റുകളിലൊന്ന് ഇങ്ങനെയാണ്.

നിരവധി പേര്‍ മിത്രയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ”ആളുകള്‍ക്ക് സത്യം ഉള്‍ക്കൊള്ളാനുള്ള ഭയമാണ് ഭീഷണിയ്ക്ക് പിന്നില്‍. പേടിയില്ലാതെ പോരാടൂ.. ” പിന്തുണച്ചുകൊണ്ട് ഒരാള്‍ കമന്‍റ് ചെയ്തു. അതേസമയം മറ്റുള്ളവര്‍ പറയുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും പിന്തുണയ്ക്കുന്നവരുടെ വാക്കുകളില്‍ സന്തുഷ്ടനാണെന്നും മിത്ര പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധങ്ങള്‍ക്കൊടുവിലാണ് ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് സുപ്രീംകോടതി കഴിഞ്ഞ സെപ്തംബര്‍ 28ന് റദ്ദാക്കിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ വിധിയും പ്രഖ്യാപിച്ചത്.

error: Content is protected !!