ന്യൂനമർദ്ദം : ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും.

സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴക്കും ചുഴലിക്കാറ്റിനും സാധ്യത. മുന്നൊരുക്കം നടത്താൻ ജില്ലാ കലക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകി. അണക്കെട്ടുകളിലെ സ്ഥിതി വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും. അറബിക്കടലിന് തെക്ക്-കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ഞായറാഴ്ചയോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറും. ഇന്ന് മുതൽ തന്നെ ശക്തമായ മഴയുണ്ടാകും.

ഇടുക്കി,പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ അതോറ്റി അടിയന്തിര യോഗം ചേർന്ന് ജാഗ്രത നിർദ്ദേശംനൽകി. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ നാളെയോട ക്യാമ്പുകള്‍ തയ്യാറാക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രാദേശിക ഭരണകൂടത്തിൻറെ നിർദ്ദേശപ്രകാരം ആവശ്യമെങ്കിൽ ജനങ്ങൾ ക്യാമ്പുകളിലേക്ക് മാറണം. നാളെ മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നീലക്കുറിഞ്ഞി കാണാൻ മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം ഡാമുകളിൽ നിന്നും വെള്ളം തുറന്ന് വിടണോ എന്ന് തീരുമാനിക്കും. കേന്ദ്രസേനാവിഭാഗങ്ങളോട് അടിയന്തരമായി സജ്ജമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്‍റെ അഞ്ച് ടീമിനെ അധികമായി കേരളത്തിലേക്ക് അയക്കാന്നും ആവശ്യപ്പെടും.

error: Content is protected !!