‘അ‍ഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ നടന്ന കാര്യങ്ങളൊക്കെയാണ് പലരും മീ ടു എന്ന പേരില്‍ പറയുന്നത്; കാമ്പയിനു പിന്നില്‍ മോശം മനസ്സുള്ളവര്‍’: കേന്ദ്ര മന്ത്രി

സജീവമായ മീ ടു കാമ്പയിനു പിന്നിൽ മോശം മനസ്സുള്ളവരാണെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ. വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിട്ട ലെെംഗിക അതിക്രമങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

മോശം മനസ്സുള്ളവരാണ് ഇപ്പോൾ നടക്കുന്ന ഈ വെളിപ്പെടുത്തലുകളുടെ പിന്നിൽ. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഒന്നിച്ച് കളിക്കുന്ന നേരത്ത് നടന്ന കാര്യങ്ങളൊക്കെയാണ് പലരും ഇപ്പോൾ വെളിപ്പെടുത്തലായി പറയുന്നത്. സ്ത്രീക്ക് പകരം ഒരു പുരുഷനാണ് ഇതുപോലെ ലെെംഗിക ആരോപണവുമായി വരുന്നതെങ്കിൽ ഇവരാരെങ്കിലും തിരിഞ്ഞു നോക്കുമോ. മീ ടൂ കാമ്പയിന്‍ കാരണം രാജ്യത്തിന്റെയും സ്ത്രീകളുടെയും പ്രതിച്ഛായ നശിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത് എന്നും പൊൻ രാധാക‍ൃഷ്ണൻ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മീ ടൂ കാമ്പയിന്റെ ഭാഗമായി നിരവധി സ്ത്രീകളാണ് പല പ്രമുഖര്‍ക്കുമെതിരായി ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. കേന്ദ്ര മന്ത്രി എം.ജെ അക്ബര്‍, നാനാ പടേക്കര്‍, അലോക് നാഥ്, സുഭാഷ് ഖായ്, ഗയകൻ കാർത്തിക്, വൈരമുത്തു തുടങ്ങി സിനിമാ-സാഹിത്യ രംഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്കെതിരെ വെളിപ്പെടുത്തലുകളുണ്ടായിരുന്നു.

error: Content is protected !!