ഞങ്ങളും പീഡിപ്പിക്കപ്പെടുന്നു: ‘’മീ ടൂ’’വിന് പിറകെ ‘’മെന്‍ ടൂ’’ പ്രചാരണവുമായി പുരുഷന്മാര്‍

വ്യത്യസ്തമായ ഒരു പ്രതിഷേധത്തിനാണ് ശനിയാഴ്ച ഉച്ചയ്ക്ക് ബംഗളുരുവിലെ കബ്ബൺ പാർക്ക് വേദിയായത്. മെന്‍ ടൂ എന്നെഴുതിയ പ്ലക്കാര്‍ഡും കയ്യില്‍പിടിച്ച് 15ഓളം വരുന്ന സ്ത്രീപുരുഷന്മാരാണ് പാര്‍ക്കില്‍ പ്രതിഷേധത്തിനെത്തിയത്. ‘മീ ടു’ വെളിപ്പെടുത്തലിന് പിന്നാലെ ‘മെൻ ടൂ’ പ്രചാരണവുമായി രംഗത്തെത്തിയ സംഘത്തിന്റെ ലക്ഷ്യമെന്താണെന്നതില്‍ പലര്‍ക്കും ആശയകുഴപ്പമുണ്ട്.

‘ക്രിസ്പ്’ എന്ന എന്‍.ജി.ഒ ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. ലൈംഗിക പീഡനക്കേസിൽ കുറ്റവിമുക്തനായ മുൻ ഫ്രഞ്ച് നയതന്ത്ര പ്രതിനിധി പാസ്‌ക്കൽ മസൂരിയർ അടക്കം പതിനഞ്ചോളം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ക്രിസ്പ്.

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്ന കേസിലാണ് ബെംഗളൂരുവിൽ അറസ്റ്റിലാകുന്നത്. തുടർന്ന് 2017-ൽ ബെംഗളൂരു സിറ്റി സിവിൽ കോടതി കുറ്റവിമുക്തനാക്കി. പാസ്‌ക്കൽ മസൂരിയർക്കെതിരേ മലയാളിയായ ഭാര്യയാണ് പരാതി നൽകിയത്. ഇതേ തുടർന്ന് ജോലിയും നഷ്ടമായി. ഇപ്പോൾ മൂന്ന് കുട്ടികൾ ഭാര്യയോടൊപ്പമാണ് താമസിക്കുന്നത്. മീ ടൂവിനെ എതിർക്കുന്നതിനല്ല മെൻ ടൂ പ്രചാരണമെന്നും സ്ത്രീകളുടെ അതിക്രമത്തിനിടെ ശബ്ദം നഷ്ടമാകുന്ന പുരുഷന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടിയാണെന്നും പാസ്‌ക്കൽ മസൂരിയർ പറഞ്ഞു.

‘മീ ടൂ’ വെളിപ്പെടുത്തലിന് ലഭിച്ച ജനപിന്തുണയെ തുടർന്നാണ് ‘മെൻ ടൂ’ പ്രചാരണവുമായി തങ്ങള്‍ രംഗത്തെത്തിയതെന്ന് ഇവര്‍ പറയുന്നു. സ്ത്രീകൾ ഉന്നയിക്കുന്ന വ്യാജപരാതികളിലൂടെ പുരുഷന്മാരുടെ ജീവിതം നഷ്ടമാകുകയാണെന്നും ഇക്കാര്യത്തിൽ പുരുഷന്മാര്‍ക്ക് നിയമസഹായം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വ്യാജ ആരോപണമുന്നയിക്കുന്ന സ്ത്രീകൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വ്യാജ ആരോപണങ്ങളിലൂടെ പ്രമുഖർക്ക് മാന്യത നഷ്ടപ്പെടുകയാണെന്നും ക്രിസ്പ് പ്രസിഡന്റ് കുമാർ ജാഗിർദാർ പറഞ്ഞു.

error: Content is protected !!