രാഹുൽ ഈശ്വറിന് ഉപാധികളോടെ ജാമ്യം

വിവാദ പ്രസ്താവനയില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം ലഭിച്ചു. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, എല്ലാ ചൊവ്വാഴ്ചയും സ്റ്റേഷനിലെത്തുക, എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

രക്തം ചിന്തിപ്പോലും ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു എന്നാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് രാഹുല്‍ പറഞ്ഞത്. ഇതിനായി ഇരുപതോളം പേർ തയ്യാറായി നിന്നിരുന്നു എന്നും രാഹുൽ ഈശ്വർ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് കലാപത്തിന് ആഹ്വാനം നൽകിയതിന് രാഹുൽ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. എറണാകുളത്തുനിന്ന് എത്തിയ പൊലീസ് സംഘം തിരുവനന്തപുരം നന്ദാവനത്തുള്ള ഫ്ലാറ്റിലെത്തി രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതിനിടെ രാഹുൽ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമൺ തന്ത്രികുടുംബം രംഗത്തെത്തി. വിശ്വാസത്തിന്‍റെ പേരിൽ സംഘർഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുത്. രാഹുൽ ഈശ്വറിന്‍റേതായി വരുന്ന വാർത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്‍റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ട്. വിധി പ്രകാരം രാഹുൽ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളിൽ ശബരിമലയുമായോ തന്ത്രികുടുംബവുമായോ ഒരു ബന്ധവുമില്ല. പിന്തുടർച്ചാവകാശവുമില്ല. തന്ത്രികുടുംബം പുറത്തിറക്കിയ വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

error: Content is protected !!