ആയുഷ്മാൻ ഭാരതിൽ കേരളവും

കേന്ദ്രസർക്കാരിന്‍റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിൽ കേരളവും പങ്കാളിയാകും. ആയുഷ്മാൻ ഭാരത് നടപ്പാക്കുന്ന പശ്ചാത്തലത്തിൽ കേരളം നടപ്പാക്കാനിരുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി വേണ്ടെന്നു വെച്ചു. പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഗുണഭോക്താക്കളെ കണ്ടെത്താൻ ജീവിത നിലവാരം അനുസരിച്ച് പ്രത്യേകമാനദണ്ഡം സംസ്ഥാനം ആവശ്യപ്പെടും.

അടുത്ത വർഷം മാർച്ചോടെ ആർ എസ് ബി വൈ ഉൾപ്പെടെയുള്ള കേന്ദ്ര പദ്ധതികൾ ആയുഷ്മാൻ ഭാരതിൽ ലയിപ്പിക്കും. ഈ സാഹചര്യത്തിൽ പദ്ധതിയിൽ നിന്ന് ഇനിയും മാറി നിൽക്കുന്നത് കേന്ദ്രസഹായം നഷ്ടമാകുമെന്നതിനാലാണ് വിവാദങ്ങൾ അവസാനിപ്പിച്ച് പദ്ധതിയിൽ ചേരാൻ സംസ്ഥാനം തീരുമാനിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന് ഉണ്ടായിട്ടുള്ള ആശങ്കകളും ആവശ്യങ്ങളും കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ വ്യക്തമാക്കി.

പദ്ധതിയുടെ നിയന്ത്രണം സംസ്ഥാനത്തിനു വേണം, പ്രീമിയം തുകയിൽ കേന്ദ്രവിഹിതം കൂട്ടണം, ഗുണഭോക്താക്കളെ കണ്ടെത്താൻ കൂടുതൽ മാനദണ്ഡങ്ങൾ അനുവദിക്കണം, കാരുണ്യ ഉൾപ്പെടെയുള്ള പദ്ധതികൾ ആയുഷ്മാൻ ഭാരതിൽ ലയിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ സംസ്ഥാനം ഉന്നയിച്ചിട്ടുണ്ട്.

 

error: Content is protected !!