ആരോപണം തള്ളുന്നു; പിന്നില്‍ ‘മഹിഷി’കളായ ഫെമിനിസ്റ്റുകളെന്ന് രാഹുല്‍ ഈശ്വര്‍, വീഡിയോ

തനിക്കെതിരായ ആരോപണങ്ങള്‍ ശബരിമല ധര്‍മ സമരത്തെ തകര്‍ക്കാനുള്ള  ശ്രമമാണെന്ന് രാഹുല്‍ ഈശ്വര്‍. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഫെമിനിസ്റ്റ് ഗൂഢാലോനയാണ്. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും പൂര്‍ണമായും തള്ളിക്കളയുന്നതായും രാഹുല്‍ ഫേസ്ബുക്ക് ലൈവില്‍ പറ‍ഞ്ഞു.

എനിക്കെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി  ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട എന്നാണ് കരുതിയതെങ്കിലും ശബരിമല വിശ്വാസത്തെയും സംരക്ഷണ നീക്കത്തെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുറന്നുകാട്ടാനാണിതെന്ന മുഖവുരയുമായാണ് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവില്‍ വന്നത്.

മീടു ക്യാംപയിന്‍റെ ഭാഗമായി എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഉന്നയിച്ചതായി അറിയുന്നു.  മീ ടു എന്നത് സ്ത്രീകളുടെ വേദന തുറന്നുപറയാനുള്ള അവസരമാണ് അതില്‍ ചില അഭിപ്രായ വ്യത്യാസങ്ങളോടെ പിന്തുണ നല്‍കുന്നു. സിനിമാ നടന്‍ ജിതേന്ദ്ര  45 വര്‍ഷങ്ങള്‍ക്ക് മുമ്പ് മിസ് ബിഹേവ് ചെയ്തു എന്ന് ഒരു സ്ത്രീ മീ ടു ആരോപണം ഉന്നയിച്ചു. എന്നാല്‍ ഇത്തരം ആരോപണങ്ങളെ എങ്ങനയാണ് പ്രതിരോധിക്കുക. എനിക്കെതിരെയുള്ള ആരോപണം 15 വര്‍ഷം മുമ്പ് മോശമായി പെരുമാറിയെന്നാണ്.

ഇത്തരം വ്യാജ ആരോപണങ്ങള്‍ ഏല്‍ക്കേണ്ടി വന്നാല്‍ എങ്ങനെയാണ് അല്ല എന്ന് തെളിയിക്കാനാവുക. നാളെ നമ്മുടെ അച്ഛനും ജേഷ്ടനും അനുജനുമെതിരെ ഇല്ലാത്ത  ഒരു ആരോപണം വന്നാല്‍ അതിനോട് എങ്ങനെയാണ് പ്രതികരിക്കുക. ആര്‍ക്കും ആര്‍ക്കെതിരെയും യാതൊരു തെളിവുമില്ലാതെ ആരോപണം ഉന്നയിക്കാമെന്ന അവസ്ഥയുണ്ടായിരിക്കുകയാണ്.

മീടു രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുമ്പോള്‍ അതിന്‍റെ വിശ്വാസ്യത നഷ്ടപ്പെടുന്നു. ആശയപരമായി എതിര്‍വശത്തു നില്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ മീടു ഉപയോഗിക്കുന്നത് അതിന്‍റെ ലക്ഷ്യം തന്നെ ഇല്ലാതാക്കുമെന്നും. മഹിഷികളായ തീവ്ര ഫെമിനിസ്റ്റുകളാണ് എല്ലാത്തിനും പിന്നിലെന്നും, തന്ത്രികുടുംബവുമായി ബന്ധമില്ലെന്ന ആരോപണത്തിന് നാളെ അമ്മയും ഭാര്യയുമടക്കമുള്ളവര്‍ പത്രക്കുറിപ്പ് പുറത്തിറക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറ‍ഞ്ഞു.

രാഹുല്‍ ഈശ്വറിനെതിരെ മീറ്റൂ ആരോപണവുമായി ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ് രംഗത്തെത്തിയിരുന്നു. സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് തന്‍റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പങ്കുവച്ചിരിക്കുന്നത്. രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ടിവിയില്‍ സോഫ്റ്റ് പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച രാഹുല്‍ കിടപ്പറയില്‍ വച്ച് തന്നെ കടന്ന് പിടിച്ച് ചുംബിച്ചു. കുതറി മാറിയെങ്കിലും അയാള്‍ പലതവണ ഇത് ആവര്‍ത്തിച്ചുവെന്നും അവര്‍ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി അയച്ച വാട്സ്ആപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.facebook.com/RahulEaswarOfficial/videos/2075619365823589/?t=0

error: Content is protected !!