മോഹന്‍ലാല്‍ രാജി സന്നദ്ധത അറിയിച്ചതായി അഭ്യൂഹം

നടൻ സിദ്ദിഖും കെ.പി.എ.സി ലളിതയും ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ ഔദ്യോഗികമായ മറുപടിക്കില്ലെന്ന് ഡബ്ല്യൂ.സി.സി അമ്മയുടെ ഔദ്യോഗിക വക്താവാരെന്നതിനെ കുറിച്ച് തർക്കം തുടരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ തീരുമാനമാകട്ടേയെന്ന നിലപാടിലാണ് ഡബ്ല്യൂ.സി.സി. നടിമാർ ആരോപണം ഉന്നയിച്ചതിന് പിന്നാലെ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് മോഹൻലാൽ അറിയിച്ചതായും സൂചന.

സിദ്ദിഖും കെ.പി.എ.സി ലളിതയും ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ വ്യക്തിപരമായ മറുപടികളും പ്രതിഷേധങ്ങളും ഉയർന്നുവെങ്കിലും ഔദ്യോഗിക വിശദീകരണം വേണ്ടെന്ന നിലപാടാണ് ഡബ്ല്യൂ.സി.സിയുടേത്. ഔദ്യേഗിക വക്താവിനെ ചൊല്ലി അമ്മയിലും തർക്കം രൂക്ഷമാണ്. ജഗദീഷിനെ ചുമതലയേൽപിച്ചതിനെതിരെയും പ്രതിഷേധമുണ്ട്. അത്തരമൊരു പ്രതിഷേധമായിരുന്നു സിദ്ദീഖ് നടത്തിയ വാർത്താസമ്മേളനത്തിൽ കണ്ടത്.

നടിമാർ ആരോപണമുന്നയിക്കുകയും സംഘടനക്കുള്ളിൽ പ്രശ്നങ്ങളുണ്ടാകുകയും ചെയ്തതോടെ പ്രസിഡന്റ് പദം ഒഴിയാൻ മോഹൻലാൽ താൽപര്യം പ്രകടിപ്പിച്ചുവെന്നും സൂചനയുണ്ട്. പ്രളയ ബാധിതർക്ക് വേണ്ടിയുള്ള അമ്മയുടെ പ്രത്യേക ഷോയ്ക്ക് ശേഷം ചുമതല ഒഴിയുമെന്നാണ് മോഹൻലാൽ ഭാരവാഹികളെ അറിയിച്ചതെന്നാണ് സൂചന.

ഇതിനിടെ ഡബ്ല്യൂ.സി.സി അംഗം അർച്ചന പദ്മിനിയുടെ മീ ടൂ ആരോപണത്തിൽ നടപടിയുമായി ഫെഫ്ക രംഗത്തെത്തി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ പ്രസിഡന്റിനേയും സെക്രട്ടറിയേയും ഫെഫ്ക വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചു. ആരോപണ വിധേയനായ ഷെറിൻ സ്റ്റാൻലിയെ അനിശ്ചിത കാലത്തേക്ക് സസ്പെൻസ് ചെയ്തു. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, ഷെറിനെ ജോലിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞില്ല എന്നാണു പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ ഫെഫ്കയ്ക്കു നൽകിയ വിശദീകരണം. ബാദുഷാക്കെതിരെ നടപടി എടുക്കാനും യൂണിയനെ ഫെഫ്ക ചുമതലപ്പെടുത്തിയിട്ടുണ്ട്.

error: Content is protected !!