വൈദ്യുതാഘാതമേറ്റ് ഏഴ് ആനകള്‍ ചരിഞ്ഞു

വൈദ്യുതാഘാതമേറ്റ് ഏഴ് ആനകള്‍ ഒരുമിച്ച് ചരിഞ്ഞു. ഒഡിഷയിലെ ദെന്‍കനാലില്‍ കമലാങ്ക ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം.  സദര്‍ വനമേഖലയില്‍നിന്നും ഗ്രാമത്തിലെത്തിയ ആനകള്‍ തിരികെ പോകാനായി വയല്‍ കടക്കുന്നതിനിടെ റെയില്‍വേ ട്രാക്ക് അറ്റകുറ്റപ്പണികള്‍ക്കായി സ്ഥാപിച്ച 11കെവി വൈദ്യുത ലൈനുകളില്‍ തട്ടിയാണ് അപകടം. 13 ആനകളാണ് കൂട്ടത്തിലുണ്ടായിരുന്നത്. ചരിഞ്ഞവയില്‍ അഞ്ചെണ്ണം പിടിയാനകളാണ്.

രാവിലെ ആനകള്‍ ചരിഞ്ഞുകിടക്കുന്നത് കണ്ട ഗ്രാമവാസികള്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. മൂന്ന് ആനകള്‍ റോഡില്‍ ചരിഞ്ഞുകിടക്കുകയായിരുന്നു. നാല് ആനകള്‍ പാടത്തെ കനാലിലുമായാണ് ചരിഞ്ഞത്. ആനകളുടെ സഞ്ചാരമേഖലയായതിനാല്‍ വൈദ്യുതലൈനുകള്‍ 1718 അടി ഉയരത്തിലാവണമെന്ന് വൈദ്യുതവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നതായി വനംവകുപ്പധികൃതര്‍ അറിയിച്ചു.

എന്നാല്‍ ജോലി ആവശ്യങ്ങള്‍ക്കായി വലിച്ച വൈദ്യുതി കണക്ഷനാണ് അപകടത്തിന് കാരണമായത്. വൈദ്യുതി വിതരണ കമ്പിനിയായ സെസു അലംഭാവം കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. സൂപ്രണ്ട് എഞ്ചിനയറെ സസ്പെന്‍റ് ചെയ്യുകയും ജൂനിയര്‍ എ‍ഞ്ചിനയറെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. സംഭവത്തില്‍ ഒരു റേഞ്ചറെയും ഫോറസ്റ്റ് ഗാര്‍ഡിനെയും വനംവകുപ്പും സസ്പെന്‍റ് ചെയ്തു.

error: Content is protected !!