ട്രംപ് വരില്ല: റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചു

2019 റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് അമേരിക്കന്‍ അധികൃതര്‍ അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. പരിപാടിയിൽ എത്താൻ സാധിക്കാത്തതിൽ ക്ഷമ പറഞ്ഞാണ് അജിത് ഡോവലിന് കത്ത് നൽകിയിരിക്കുന്നത്.

പരേഡില്‍ മുഖ്യാതിഥിയായി എത്താൻ ഓഗസ്റ്റില്‍ ട്രംപിന് ക്ഷണക്കത്ത് ലഭിച്ചിരുന്നു. എന്നാൽ ചടങ്ങിൽ പങ്കെടുക്കില്ലെന്നത് അവസാന തീരുമാനമാണോയെന്ന് വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്സ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ക്ഷണം നിരസിക്കാനുള്ള കാരണമെന്താണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. സന്ദർശനം സംബന്ധിച്ചുള്ള അഭിപ്രായം വൈറ്റ് ഹൗസിൽനിന്ന് മാത്രമേ ലഭിക്കുകയുള്ളുവെന്ന് ദില്ലിയിലെ അമേരിക്കൻ എംബസിയും വ്യക്തമാക്കി.  റഷ്യയിൽ നിന്ന് ട്രയംഫ് 400 മിസൈലുകൾ വാങ്ങാനുള്ള ഇന്ത്യൻ തീരുമാനം അമേരിക്കയുടെ അതൃപ്തിക്ക് കാരണമായിരുന്നു. ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്ന് ഇന്ത്യ അറിയിച്ചതും അമേരിക്കയെ ചൊടിപ്പിച്ചതായാണ് സൂചന. ഈ കാരണത്താലാണ് ചടങ്ങിൽനിന്ന് വിട്ടുനിൽക്കുന്നതെന്നാണ് റിപ്പോർട്ട്.

error: Content is protected !!