ഇനി ആര്‍ത്തവകാലത്ത് ആരാധനാലയത്തില്‍ അയിത്തമില്ല

കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ആർത്തവകാലത്ത് പ്രവേശിക്കാനുള്ള നിയമ തടസ്സമാണ് ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയോടെ മാറുന്നത്. ആർത്തവത്തിൻറെ പേരിൽ സ്ത്രീകളെ മാറ്റിനിറുത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കുന്ന കേരള ഹിന്ദു ക്ഷേത്ര പ്രവേശന നിയമത്തിലെ മൂന്ന് ബി വകുപ്പാണ് കോടതി റദ്ദാക്കിയത്. മൗലികാവകാശങ്ങൾ ഹനിക്കുന്നതാണെങ്കിൽ വ്യക്തിനിയമങ്ങളും മാറ്റിയെഴുതണമെന്നാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്  വിധിയില്‍ നിർദ്ദേശിക്കുന്നത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്. ശാരീരികമായ കാരണത്താല്‍ ഒരു വിവേചനവും സ്ത്രീകളോട് കാണിക്കരുതെന്നും ദൈവവുമായുള്ള ബന്ധം വിലയിരുത്താന്‍ ജൈവീകകാരണം മാനദണ്ഡമാകരുതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

സന്നിധാനത്തെ സ്ത്രീ പ്രവേശനത്തിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് യെങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ശബരിമല പ്രവേശന നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംങ് വുമണ്‍സ് ലോയേഴ്സ് അസോസിയേഷന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ എട്ട് ദിവസമായിരുന്നു കോടതി വാദം കേട്ടത്. ഹര്‍ജിക്കാരുടെ ആവശ്യത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ശബരിമല തന്ത്രി, പന്തളം രാജാവ്, എന്‍എസ്എസ്, ഹിന്ദു സംഘടനകള്‍ എന്നിവര്‍ എതിര്‍ത്തിരുന്നു.

error: Content is protected !!