യുവാവിനെ ജീവനോടെ കത്തിച്ച് കൊന്ന ശംഭുലാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകും

ലൗ ജിഹാദ് ആരോപിച്ച് മുസ്‌ലിം യുവാവിനെ ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന ശംഭുലാല്‍ റെഗാര്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആഗ്രയില്‍ നിന്ന് മത്സരിക്കും. ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേനയുടെ സ്ഥാനാര്‍ത്ഥിയായാണ് ശംഭുലാല്‍ മത്സരിക്കുക. ശംഭുലാല്‍ സ്ഥാനാര്‍ത്ഥിയാകാമെന്ന് സമ്മതിച്ചതായി ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേന നേതാവായ അമിത് ജനിയെ ഉദ്ധരിച്ച് സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശംഭുലാലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അമിത് ജനി പറയുന്നത് ഇങ്ങനെ,  ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേന ആഗ്രയില്‍ നിന്ന് ശംഭുലാലിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജോധ്പൂരിലെ ജയിലിനുള്ളില്‍ വെച്ച് തന്നെ അദ്ദേഹം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കും.

നിലവില്‍ ബി.ജെ.പിയുടെ രാംശങ്കര്‍ കത്തേരിയ ആണ് ആഗ്രയിലെ എം.പി. ദളിത് സംവരണ സീറ്റാണ് ആഗ്രയിലേത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് രാജസ്ഥാനില്‍ അഫ്രാസുല്‍ ഖാന്‍ എന്നയാളെ ശംഭുലാല്‍ കൊലപ്പെടുത്തിയത്. യുവാവിനെ മഴു ഉപയോഗിച്ച് വെട്ടിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

error: Content is protected !!