അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടി ശബരിമല

ശബരിമല തീര്‍ഥാടന കാലം തുടങ്ങിയതോടെ അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി ശബരിമല.  പ്രളയത്തിന് ശേഷമുള്ള ശബരിമല തീര്‍ത്ഥാടനത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും അസൗകര്യങ്ങളില്‍ നട്ടം തിരിയുകയാണ് അയ്യപ്പന്‍മാര്‍. ബേസ് ക്യാമ്പായി പ്രഖ്യാപിച്ച നിലയ്ക്കലില്‍ കുടിവെള്ളമോ ശുചിമുറികളോ മതിയായ അളവില്‍ ഇല്ല. പുതിയ ക്രമീകരണങ്ങള്‍ സംബന്ധിച്ച് അയ്യപ്പന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനും സംവിധാനമില്ല.

പ്രളയത്തില്‍ പമ്പ ത്രിവേണിയില്‍ വ്യാപക നാശനഷ്ടമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ വരെ മാത്രമായി പരിമിതപ്പെടുത്തി പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിലയ്ക്കലില്‍ വാഹന പാര്‍ക്കിംങിനായുള്ള സ്ഥലമധികവും കാടുകയറിയ നിലയിലാണ്. കുടിവെള്ളമോ ശുചിമുറികളോ മതിയായ അളവില്‍ ഇല്ല. നിലയ്ക്കലില്‍ നിന്ന് പമ്പ വരെയുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസിന് അമിത ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന ആക്ഷേപമുണ്ട്.

നിലയ്ക്കലില്‍ ശുചിമുറികള്‍ പ്രവര്‍ത്തന രഹിതമായതിനാല്‍ പലരും പമ്പയില്‍ എത്തിയാണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നത്. വടശേരിക്കര മുതല്‍ പമ്പ വരെയുള്ള റോഡ് പലയിടത്തും അപകടാവസ്ഥയിലാണെങ്കിലും മുന്നറിയിപ്പ് സംവിധാനങ്ങളില്ല. അതേസമയം പരാതികള്‍ ഉടനടി പരിഹരിക്കുമെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.

error: Content is protected !!