ബംഗളൂരുവില്‍ വാഹനാപകടം നാല് മലയാളികള്‍ മരിച്ചു

ബംഗളൂരുവില്‍ കാറും ബി.എം.ടി.സി. ബസും കൂട്ടിയിടിച്ച് കാർയാത്രക്കാരായ നാല് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മാറത്തഹള്ളി ദൊഡ്ഡനഹുണ്ടി റോഡില്‍ എതിരേ വന്ന ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.

കൊല്ലം ചവറ സ്വദേശി മേഴ്‌സി ജോസഫ് (54), മകന്‍ ലവിന്‍ ജോസഫ് (25), മേഴ്‌സി ജോസഫിന്‍റെ ഭര്‍ത്തൃ സഹോദരി റീന ബ്രിട്ടോ (52), സുഹൃത്ത് എല്‍സമ്മ (54) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ശ്രീജയെ ബെംഗളൂരുവിലെ സെയ്‌ന്‍റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ലവിന്‍ ജോസഫാണ് കാര്‍ ഓടിച്ചിരുന്നത്. ബംഗളൂരുവില്‍ രമേശ് ടൂര്‍സ് ആൻഡ് ട്രാവല്‍സ് ജീവനക്കാരന്‍ ജോസഫ് മോറിസിന്‍റെ ഭാര്യയാണ് മരിച്ച മേഴ്‌സി. മാറത്തഹള്ളിയിലാണ് ഇവർ താമസിക്കുന്നത്. ജോസഫ് മോറിസിന്‍റെ സഹോദരന്‍റെ ശവസംസ്കാരച്ചടങ്ങ് കഴിഞ്ഞ് അള്‍സൂരില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം.

മുംബൈയില്‍ താമസിക്കുന്ന റീന ബെംഗളൂരുവില്‍ ശവസംസ്കാര ചടങ്ങിനെത്തിയതായിരുന്നു. റീനയുടെ ഭര്‍ത്താവ്: ജോണ്‍ ബ്രിട്ടോ. മക്കള്‍: മെന്റി, മെര്‍വിന്‍. മൃതദേഹങ്ങള്‍ വൈദേഹി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

error: Content is protected !!