പിഎസ്‍സി പരീക്ഷയുടെ ചോദ്യങ്ങൾ പലയിടങ്ങളില്‍ നിന്ന് പകർത്തിയെന്ന് പരാതി

കേരള പിഎസ്‍സി ജേണലിസം ലക്ചറർ പരീക്ഷയുടെ ഭൂരിഭാഗം ചോദ്യങ്ങളും ഇന്‍റർനെറ്റിൽ നിന്നും ബുക്ക്ലേറ്റിൽ നിന്നും പകർത്തിയതാണെന്ന് ആരോപണം. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഓണ്‍ലൈൻ പരീക്ഷയുടെ ചോദ്യങ്ങൾ ഇന്‍റർനെറ്റിലെ സ്വകാര്യ ക്വിസ് കൂട്ടായ്മകളിൽ നിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്‍റെണൽ പരീക്ഷകൾക്കായി തയ്യാറാക്കിയ ബുക്ക്ലെറ്റിൽ നിന്നും പകർത്തിയതാണെന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്.

ജേണലിസം ലക്ചറർ പരീക്ഷയിലെ 24 മുതൽ 37 വരെയുള്ള ചോദ്യങ്ങളാണിത്. ഇത് 92 മുതൽ 100 വരെയുള്ള ചോദ്യങ്ങൾ. ഇവയെല്ലാം ക്രമം പോലും തെറ്റാതെ ഓപ്ഷനിൽ മാറ്റമില്ലാതെ ഈ വെബ്സൈറ്റുകളിലും കാണാം. കാലിക്കറ്റ് യൂണിവേഴ്സിറ്റി തയ്യാറാക്കിയ ബുക്ക്ലെറ്റിൽ നിന്നെടുത്തവയാണ് 38 മുതൽ 60 വരെയുള്ള ചോദ്യങ്ങളെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.

സൈറ്റുകളിൽ നിന്ന് വസ്തുനിഷ്ടമല്ലാതെ പകർത്തിയ ചോദ്യങ്ങൾ ചോർന്നിട്ടില്ല എന്നതിന് എന്ത് ഉറപ്പാണുള്ളതെന്നും ഉദ്യോഗാർത്ഥികൾ ചോദിക്കുന്നു. ഈ വിവരങ്ങൾ കാണിച്ച് പിഎസ്‍സി ചെയർമാന് ഇവർ പരാതി അയച്ചിട്ടുണ്ട്. പരാതി പരിശോധിച്ച് ആവശ്യമായ നടപടി എടുക്കുമെന്ന് പിഎസ്‍സി പരീക്ഷ കണ്‍ട്രോളർ പറഞ്ഞു. പരീക്ഷ കഴിഞ്ഞ ഉടൻ തന്നെ ഉത്തരസൂചിക ചില വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. സംസ്ഥാനത്ത് ഇത് രണ്ടാമത്തെ തവണയാണ് പിഎസ്‍സി ജേണലിസം ലക്ചറർ തസ്തികയിലേക്ക് പരീക്ഷ നടത്തുന്നത്.

error: Content is protected !!