മാര്‍പ്പാപ്പ തള്ളിപ്പറഞ്ഞ ആളെയാണ് സിപിഎം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്; കോടിയേരിക്കെതിരെ സമരസമിതി

കന്യാസ്ത്രീകളുടെ സമരത്തിനെതിരെ പ്രസ്താവന നടത്തിയ കോടിയേരിക്ക് മറുപടിയുമായി സമരസമിതി. സമരചരിത്രം സിപിഎം മറക്കരുതെന്ന് സമരസമിതി കൺവീനർ ഫാദർ അഗസ്റ്റിൻ വട്ടോളി പറഞ്ഞു. മാർപാപ്പ തള്ളിപ്പറഞ്ഞ വ്യക്തിയെയാണ് സിപിഎം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. പ്രസ്താവന അങ്ങേയറ്റം വേദനാജനകമാണെന്നും സമരസമിതി അംഗങ്ങള്‍ പ്രതികരിച്ചു.

കന്യാസ്ത്രീകളടക്കമുള്ള സമരസമിതി നടത്തുന്ന സമരം സമരകോലാഹലമാണെന്നും സമരം ദുരുദ്ദേശപരമെന്നും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത്.

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ മൂന്നാം ദിവസമായ ഇന്നും ചോദ്യം ചെയ്യും. ബിഷപ്പിന്‍റെ അറസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക് കടക്കുന്നത്.  എട്ട് മണിക്കൂർ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്. അന്വേഷണം പൂർത്തിയാക്കി മാത്രമേ അറസ്റ്റിലേക്ക് കടക്കാനാകൂ എന്നാണ് പൊലീസ് നിലപാട്.

ബലാല്‍സംഗ കുറ്റം നിഷേധിച്ച ബിഷപ്പ് മഠത്തിലെ ആഭ്യന്തര അധികാര തര്‍ക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നിന്നുവെന്നാണ് അന്വഷണ സംഘം നല്‍കുന്ന സൂചന. എന്നാല്‍ പൊലീസിന് നേരത്തെ ലഭിച്ച തെളിവുകളുമായി പൊരുത്തപ്പെടുന്ന ചില വിവരങ്ങളും ബിഷപ്പില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

error: Content is protected !!