എസ്. രാജേന്ദ്രന്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുത്ത എസ്.ഐക്ക് സ്ഥലംമാറ്റം
എസ്. രാജേന്ദ്രന്‍ എം.എല്‍.എയ്‌ക്കെതിരെ കേസെടുത്ത എസ്.ഐയ്ക്ക് സ്ഥലംമാറ്റം. മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ ഓഫീസ് ആക്രമിച്ചതിനാണ് ദേവികുളം എം.എല്‍.എയായ എസ്. രാജേന്ദ്രനെതിരെ കേസെടുത്തത്. കേസെടുത്ത് 24 മണിക്കൂറിനകമാണ് എസ്.ഐയെ സ്ഥലംമാറ്റിയിരിക്കുന്നത്. എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തതിനുള്ള പ്രതികാര നടപടിയാണിതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എസ്.ഐ, പി.ജെ. വര്‍ഗീസിനെ കട്ടപ്പനയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
മൂന്നാറിലെ ഭൂമി കയ്യേറ്റക്കേസുകള്‍ കൈകാര്യം ചെയ്യുന്ന മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണലില്‍ അതിക്രമിച്ച് കടന്ന് എന്‍ജിനീയറിംഗ് കോളജിനു ക്ലാസ് നടത്തുന്നതിനു വിട്ടുകൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെയാണ് രാജേന്ദ്രന്‍ എം.എല്‍.എയ്‌ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. മലയിടിച്ചിലില്‍ തകര്‍ന്ന മൂന്നാര്‍ സര്‍ക്കാര്‍ കോളജ് താത്കാലികമായി പ്രവര്‍ത്തിക്കാന്‍, സ്പെഷ്യല്‍ ട്രൈബ്യൂണല്‍ കെട്ടിടം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ അക്രമം അഴിച്ചു വിട്ടത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെത്തിയ എംഎല്‍എയും സംഘവും ഹാളിന്റെയും മറ്റൊരു മുറിയുടെയും പൂട്ടുകള്‍ പൊളിച്ചാണ് അകത്തു കയറിയത്.
കോടതി ഹാളിലുണ്ടായിരുന്ന കസേരകള്‍, നിരത്തിയിട്ട ശേഷം വിദ്യാര്‍ത്ഥികളോട് ഇരിക്കാനും, ഒപ്പമുണ്ടായിരുന്ന അധ്യാപകരോടു ക്ലാസെടുക്കാനും എംഎല്‍എ ആവശ്യപ്പെട്ടു. പൊലീസ് സ്ഥലത്തെത്തിയതോടെ എംഎല്‍എയും സംഘവും മടങ്ങി. ട്രൈബ്യൂണല്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച ട്രൈബ്യൂണല്‍ ജീവനക്കാരനില്‍ നിന്നു ഫോണ്‍ പിടിച്ചുവാങ്ങി. ഉന്തിനും തള്ളിനുമിടെ ജീവനക്കാര്‍ക്കു പരിക്കേറ്റു. ചില സിപിഎം പ്രവര്‍ത്തകര്‍ വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തിരുന്നു.