പി.കെ.ബഷീറിനെതിരായ കേസ് പിന്‍വലിച്ചത് സുപ്രീംകോടതി റദ്ദാക്കി

ഏറനാട് എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ പി.കെ.ബഷീറിനെതിരായ കേസ് തുടരുമെന്ന് സുപ്രീം കോടതി. കേസ് റദ്ദാക്കിയ മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. കേസ് തുടരണമെന്ന് മജിസ്ട്രേട്ട് കോടതിയോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സര്‍ക്കാറിന്റെ പോസ്റ്റ് ഓഫീസ് ആകേണ്ടെന്ന് പറഞ്ഞ ഡിവിഷന്‍ ബെഞ്ച് കേസ് പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ മജിസ്ട്രേട്ട് കോടതിക്ക് തീരുമാനം കൈക്കൊള്ളാമെന്നും പറഞ്ഞു.

2008 നവംബറില്‍ മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ അധ്യാപകന്‍ ജയിംസ് അഗസ്റ്റിന്‍ കൊലപാതക കേസിലെ സാക്ഷികളെ പി കെ ബഷീര്‍ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. പാഠപുസ്തക വിവാദത്തില്‍ യൂത്ത് ലീഗ് നടത്തിയ സമരത്തില്‍ പ്രധാന അധ്യാപകന്‍ ജെയിംസ് അഗസ്റ്റിനെ കൊല്ലപ്പെട്ട കേസില്‍ സാക്ഷി പറയാന്‍ ആരെങ്കിലും മുന്നോട്ട് വന്നാല്‍ അവര്‍ ജീവനോടെ തിരിച്ചുപോകില്ലെന്ന് എന്നായിരുന്നു പി കെ ബഷീറിന്റെ വിവാദ പ്രസംഗം.

ഭീഷണി പ്രസംഗം നടത്തിയതിന് പി കെ ബഷീറിന് എതിരെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എടവണ്ണ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്റ്റര്‍ സ്വമേധയ എടുത്ത കേസില്‍ ബഷീറിന് എതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ195അ ,506 വകുപ്പുകള്‍ ചുമത്തി. എന്നാല്‍ പിന്നീട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഈ കേസ് പിന്‍വലിച്ചു. കേസ് പിന്‍വലിച്ചതിന് എതിരെ നല്‍കിയ ഹര്‍ജിയില്‍ ആണ് സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിച്ചത്.

error: Content is protected !!