പണമില്ലെന്ന് എഴുതി നല്‍കിയാല്‍ യാത്രാ ബത്ത നാല്‍കാം; പിസി ജോര്‍ജ്ജിനോട് വനിതാ കമ്മീഷന്‍

സ്ത്രീകള്‍ക്കെതിരെ ഇത്രയും മോശമായ പരാമര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജ്ജില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും, വരുമാനമൊന്നും ഇല്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ യാത്രാക്കൂലിയും താമസ ചെലവും നല്‍കാമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. പറ‍ഞ്ഞു കന്യാസ്ത്രീക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതില്‍ ഡല്‍ഹിയിലെ കമ്മീഷന്‍ ആസ്ഥാനത്ത് ഹാജരായി വിശദീകരണം നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ജോര്‍ജിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ വരാന്‍ യാത്രാബത്ത വേണമെന്നും അല്ലെങ്കില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വരട്ടെയെന്നുമാണ് പി.സി. ജോര്‍ജ് ഇതിനോട് പ്രതികരിച്ചത്. ഇതേ തുടര്‍ന്നാണ് രേഖ ശര്‍മ്മയുടെ പരാമര്‍ശം.

അദ്ദേഹം വിവരവും വിദ്യാഭ്യാസവും ഉള്ള ആളാണോ എന്ന് എനിക്കറിയില്ല. എന്‍സിഡബ്ല്യൂ ആക്ടിനെ കുറിച്ചൊന്നും അറിവുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെയാണെങ്കില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്താന്‍ അയാള്‍ തയ്യാറാകില്ലെന്നു അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിവാദ പരാമര്‍ശത്തില്‍ ഈ മാസം 20ന് കമ്മീഷന് മുന്നില്‍ ഹാജരകണമെന്ന നിര്‍ദേശത്തിന് പിന്നാലെ കമ്മീഷനെ പരിഹസിച്ചും വെല്ലുവിളിച്ചും പിസി ജോര്‍ജ് രംഗത്തെത്തിയിരുന്നു. വനിതാ കമ്മീഷനല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാലും ധാരണയുള്ള കാര്യത്തില്‍ പേടിക്കില്ലെന്നായിരുന്നു പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞത്. ദേശീയ വനിതാ കമ്മീഷന്‍റെ അധികാരമൊക്കെ താൻ ഒന്നുകൂടെ നോക്കട്ടെ.

ജലന്തർ ബിഷപ്പിനെതിരെയുള്ള പരാതിയിൽ കന്യാസ്ത്രീക്കെതിരെ ടിഎയും ഡിഎയും അയച്ചു തന്നാൽ ദില്ലിയില്‍ പോകുന്നത് നോക്കാം. അല്ലെങ്കിൽ അവർ കേരളത്തിലേക്ക് വരട്ടേ. തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ല. ലഭിച്ച് കഴിഞ്ഞ് വിശദമായി പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വനിതാ കമ്മീഷന്‍റേത് ഉത്തരവല്ല. അവര്‍ക്ക് എനിക്കെതിരെ കേസെടുക്കാനാവില്ല. ഇപ്പോള്‍ അയച്ചിരിക്കുന്നത് ഹാജരാകണമെന്നുള്ള റിക്വസ്റ്റാണ്. ഇക്കാര്യത്തില്‍ പോകണോ വേണ്ടയോ താന്‍ തീരുമാനിക്കുമെന്നുമായിരുന്നു പിസി ജോര്‍ജിന്‍റെ പ്രതികരണം.

കന്യാസ്ത്രീയെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ പിസി ജോര്‍ജ് എംഎല്‍എയോട് ഹാജരാകാന്‍ ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ദില്ലിയിലെ വനിതാ കമ്മീഷന്‍ ഓഫീസില്‍ ഈ മാസം 20ന് നേരിട്ട് ഹാജരാകാനാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ഇറക്കിയ ഉത്തരവിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

error: Content is protected !!