വിശ്വാസികളുടെ പ്രതിഷേധം : സിസ്റ്റര്‍ ലൂസിയ്ക്കെതിരായ നടപടി ഇടവക പിന്‍വലിച്ചു

ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ചതിനെ തുടര്‍ന്ന് വിലക്ക് നേരിട്ട സിസ്റ്റര്‍ ലൂസിക്ക് എതിരെയുള്ള നടപടികള്‍ കാരയ്ക്കാമല ഇടവക പിന്‍വലിച്ചു. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍,ഇടവക പ്രവർത്തനം എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നായിരുന്നു സിസ്റ്റര്‍ ലൂസിയെ വിലക്കിയത്. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് കാരക്കാമല പള്ളിയില്‍ വിശ്വാസികള്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി പിന്‍വലിച്ചത്.

വിശ്വാസികള്‍ പാരിഷ് കൗണ്‍സില്‍ യോഗത്തിലേക്ക് തള്ളിക്കയറുകയായിരുന്നു. വൈകിട്ട് അഞ്ചുമണിയോട് കൂടി വിശ്വാസികള്‍ കൂട്ടമായി എത്തി ഇടവക വികാരി സ്റ്റീഫനോട് കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു. സിസ്റ്ററിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പൂര്‍ണ്ണമായും മാറ്റണമെന്നും ഇവരാവശ്യപ്പെട്ടു. ഇടവക സമൂഹത്തോട് നന്ദി പറഞ്ഞ സിസ്റ്റര്‍ ലൂസി തനിക്കെതിരെയുള്ള നടപടി പിന്‍വലിച്ചതില്‍ വലിയ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. സഭയിലെ കൊള്ളരുതായ്മക്കെതിരെ ഇനിയും പോരാടുമെന്നും ഒരു തരത്തിലുള്ള വീട്ടുവീഴ്ചക്കും തയ്യാറല്ലെന്നും സിസ്റ്റര്‍ പറഞ്ഞു.

error: Content is protected !!