എംഎൽഎയെയും മുൻ എംഎൽഎയെയും മാവോയിസ്റ്റുകൾ വെടിവച്ചുകൊന്നു

ടിഡിപി എംഎൽഎ സർവേശ്വര റാവു, മുൻ എംഎൽഎ ശിവേരി സോമ എന്നിവരാണ് ആന്ധ്ര ഒഡീഷ അതിർത്തിയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിശാഖപട്ടണത്തിന് 125 കിലോമീറ്റർ അകലെ ദുബ്രിഗുഡ മണ്ഡൽ എന്ന സ്ഥലത്ത് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.

ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു എംഎൽഎ സർവേശ്വര റാവുവും മുൻ എംഎൽഎ ശിവേരി സോമയും. ഇവർക്കൊപ്പം ചില പൊലീസുകാരും ഉണ്ടായിരുന്നു. സംഘത്തെ വഴിയിൽ തടഞ്ഞ മാവോയിസ്റ്റുകൾ വെടിയുതിർത്തുവെന്നാണ് ആന്ധ്ര പൊലീസ് പറയുന്നത്.

ഇരുപതോളം മാവോയിസ്റ്റുകളുണ്ടായിരുന്നതിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. സിപിഐ മാവോയിസ്റ്റിന്‍റെ ആന്ധ്ര ഒഡീഷ ബോർഡർ സെക്രട്ടറി രാമചന്ദ്രയാണ് ഇവരെ നയിച്ചിരുന്നത്. ഗ്രാമീണരും കൂടെയുണ്ടായിരുന്നു. പ്രദേശത്തെ ഖനനം അവസാനിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഗ്രാമീണർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നായിരുന്നു വാദം.

അഞ്ച് മിനിറ്റോളം എംഎൽഎയുമായി സംസാരിച്ച ശേഷം പൊലീസുകാരുടെ കയ്യിൽ നിന്ന് ആയുധങ്ങൾ തട്ടിയെടുത്ത് നേതാക്കൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്നും ആക്രമണത്തിന്‍റെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമല്ലെന്നും ഡിഐജി സി എച്ച് ശ്രീകാന്ത് വ്യക്തമാക്കി.

വൈഎസ്ആർ കോൺഗ്രസ് അംഗമായി സഭയിലെത്തിയ സർവേശ്വര റാവു രണ്ട് വർഷം മുമ്പാണ് ടിഡിപിയിലേക്ക് മാറിയത്. ഭാര്യസഹോദരന്‍റെ കമ്പനിക്ക് ഖനന അനുമതി നൽകിയതിൽ ആദിവാസി സംഘടനകൾ റാവുവിന് എതിരെ സമരത്തിലായിരുന്നു. എംഎൽഎയെ മാവോയിസ്റ്റുകൾ ഹിറ്റ്ലിസ്റ്റിലും പെടുത്തി.

സിപിഐ മാവോയിസ്റ്റ് സ്ഥാപകദിനമായ സെപ്തംബർ 21ന് റാവുവിനെ വധിക്കുമെന്നും ഇവർ ഭീഷണി മുഴക്കിയിരുന്നു. ആക്രമണത്തെത്തുടർന്ന് മേഖലയിൽ പൊലീസ് തെരച്ചിൽ ഊര്‍ജ്ജിതമാക്കി. വർഷങ്ങൾക്കു ശേഷമാണ് ആന്ധ്രപ്രദേശിൽ ഇത്തരത്തിൽ മാവോയിസ്റ്റ് ആക്രമണം നടക്കുന്നത്.

error: Content is protected !!