കെഎസ്ആര്‍ടിസി പണിമുടക്കിന് ഹൈക്കോടതി സ്റ്റേ

കെഎസ്ആർടിസിയിൽ പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഭരണ, പ്രതിപക്ഷ യൂണിയനുകൾ ഒക്ടോബർ രണ്ടുമുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി വിലക്കി. ഒത്തുതീര്‍പ്പിനുള്ള വഴികള്‍ കാണാതെ സമരത്തിലേക്കു നീങ്ങരുത്. അവശ്യസര്‍വീസാണെന്ന കാര്യം തൊഴിലാളി സംഘടനകള്‍ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇടക്കാല ഉത്തരവിലൂടെയാണ് സ്റ്റേ നല്‍കിയത്. അവശ്യ സര്‍വ്വീസ് എന്നതും മതിയായ നടപടിക്രമം പാലിച്ചില്ല എന്നതും പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

അശാസ്ത്രിയ ഡ്യൂട്ടി പരിഷ്കരണം പിൻവലിക്കുക, ശമ്പള പരിഷ്ക്കരണം നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സംയുക്ത തൊഴിലാളി യൂണിയൻ പണിമുടക്കിന് ആഹ്വാനം ചെയ്തത്. നേരത്തെ തൊഴിലാളികള്‍ നടത്തിയ സത്യാഗ്രഹസമരം അവസാനിപ്പിക്കാനുള്ള ഗതാഗത മന്ത്രിയുടെ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല.

മാനേജ്മെന്‍റിന്‍റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സമരം. കുടിശ്ശിക അടക്കാത്തതിനാല്‍ ഇന്ധന കമ്പനികള്‍ വിതരണം നിര്‍ത്തിയതോടെ  കെ.എസ്.ആര്‍.ടിസി.യില്‍  ഇന്ധനക്ഷാമം രൂക്ഷമാവുകയും ഇതേതുടര്‍ന്ന്, സര്‍വ്വീസുകള്‍ വെട്ടിക്കുറിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് കെ.എസ്.ആര്‍.ടി.സി. ശ്രമിച്ചിരുന്നത്. കെഎസ്ആര്‍ടിസി ട്രിപ്പ് റിദ്ദാക്കിയതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന്  മുന്‍കാലങ്ങളില്‍ വാങ്ങിയ അളവില്‍ ഇന്ധനം വാങ്ങാന്‍ തീരുമാനിച്ചുവെന്ന് എം.ഡി.ടോമിന്‍ തച്ചങ്കരി വിശദമാക്കിയിരുന്നു.

പ്രതിദിന വരുമാനത്തില്‍ നിന്ന് മാസശമ്പളവിതരണത്തിനായി 2 കോടി രൂപ മാറ്റിവക്കുന്ന പതിവുണ്ട്. അതില്‍ നിന്ന് പണം കടമെടുത്ത് ഡീസല്‍ വാങ്ങാനാണ് തീരുമാനമെന്നും തച്ചങ്കരി അറിയിച്ചു. ഇത്തരത്തിലുള്ള കെ.എസ്.ആര്‍.ടിസി.യുടെ  അശാസ്ത്രീമായ പുനരുദ്ധാരണ നടപടികളില്‍ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി സമരം ആഹ്വാനം ചെയ്തത്.

error: Content is protected !!