മാണിക്ക് കുരുക്ക് മുറുകുന്നു

ബാർ കോഴ കേസിൽ തുടരന്വേഷണ റിപ്പോർട്ട‌് തള്ളിയ സാഹചര്യത്തിൽ പുനരന്വേഷണത്തിന‌് സാധ്യത തേടി വിജിലൻസ‌് തുടർനടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേസ‌് ഡയറി പ്രത്യേക കോടതിയിൽനിന്ന‌്  ചൊവ്വാഴ‌്ച അന്വേഷണസംഘം തിരിച്ചുവാങ്ങി. നേരത്തേ നടത്തിയ അന്വേഷണത്തിൽ വീഴ‌്ചയുണ്ടായോയെന്ന‌് പരിശോധിക്കാനും വിജിലൻസ‌് തീരുമാനിച്ചു.  ഇതോടെ   കെ എം മാണിക്ക് കുരുക്ക് മുറുുകുകയാണ്

കോടതി ഉന്നയിച്ച ആക്ഷേപങ്ങൾകൂടി കണക്കിലെടുത്ത‌് വീണ്ടും അന്വേഷണത്തിന‌് അനുമതി തേടി സർക്കാരിന‌് അപേക്ഷ നൽകും. അനുമതി ലഭിച്ചാൽ അക്കാര്യം കോടതിയെ അറിയിച്ച‌് പുനരന്വേഷണത്തിന‌് ഉത്തരവ‌് നേടാനാണ‌് വിജിലൻസ‌് നീക്കം. ഡിസംബർ പത്തിനാണ‌് കേസ‌് വീണ്ടും വിജിലൻസ‌് പ്രത്യേക കോടതിയുടെ പരിഗണനയ‌്ക്ക‌് വരുന്നത‌്.

ബാർ കോഴ കേസ‌ിൽ തുടരന്വേഷണം ആവശ്യപ്പെട്ട‌് സർക്കാരിന‌് അപേക്ഷ നൽകുമെന്ന‌് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ അറിയിച്ചു. തെളിവ‌് കണ്ടെത്തുന്നതിൽ വിജിലൻസിന്റെ ഭാഗത്ത‌് വീഴ‌്ച സംഭവിച്ചതായാണ‌് കോടതിയുടെ നിഗമനം.
കോഴ കൊടുക്കുന്നതിന‌് ബാർ ഉടമകൾ നടത്തിയ പണപ്പിരിവ‌് സംബന്ധിച്ചും മുൻവർഷങ്ങളിൽ നടന്ന പിരിവും അന്വേഷിക്കാതിരുന്നതും വീഴ‌്ചയായാണ‌് കോടതി വിലയിരുത്തിയത‌്. ഈ സാഹചര്യത്തിലാണ‌് അന്വേഷണത്തിൽ വീഴ‌്ചയുണ്ടായോയെന്ന‌് പരിശോധിക്കാൻ വിജിലൻസ‌് ഡയറക്ടറുടെ തീരുമാനം. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട‌്.

മാണിയെ കുറ്റവിമുക്തനാക്കിയ കോടതി ഉത്തരവിന്റെ പശ്ചാത്തലം വിശദീകരിച്ച‌് സർക്കാരിന‌് വിശദമായ റിപ്പോർട്ട‌് നൽകും. ഇതിൽ അഡ്വക്കറ്റ‌് ജനറലിന്റെ അഭിപ്രായം ആരാഞ്ഞശേഷം സർക്കാർ വീണ്ടും അന്വേഷിക്കാൻ അനുമതി നൽകുമെന്നാണ‌് വിജിലൻസിന്റെ കണക്കു കൂട്ടൽ.

error: Content is protected !!