പ്രളയ ദുരിതം: സ്കൂളുകളില്‍ പരീക്ഷകള്‍ക്ക് മാറ്റം വരുത്തി

ഓണപ്പരീക്ഷയ്ക്ക് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ ക്രിസ്മസ് പരീക്ഷയും ഒഴിവാക്കി. പകരം ഒറ്റ അര്‍ധവാര്‍ഷീക പരീക്ഷ നടത്തുമെന്നു വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.  പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സ്‌കൂളുകളില്‍ ഓണം, ക്രിസ്മസ് പരീക്ഷകള്‍ ഒഴിവാക്കിയത്. ഓണപരീക്ഷകള്‍ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. അര്‍ധവാര്‍ഷിക പരീക്ഷ ഏതുമാസം നടത്തണം എന്നതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിക്കും. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ കലോത്സവം, ശാസ്ത്ര, കായികമേളകള്‍, വിജയികളെ കണ്ടെത്തുന്നതിനുള്ള നടപടിക്രമം എന്ന നിലയില്‍ ആഘോഷങ്ങളില്ലാതെ നടത്തും. വിശദാംശങ്ങള്‍ ഈ മാസം 17നു മാനുവല്‍ കമ്മിറ്റി യോഗം തീരുമാനിക്കും. ദേശീയ, സംസ്ഥാന അംഗീകാരങ്ങള്‍ നേടാന്‍ വിദ്യാര്‍ഥികള്‍ക്കു വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരവങ്ങളൊന്നുമില്ലാതെ കലാ- കായിക മേളകള്‍ നടത്തുന്നത്. കലോത്സവ മാനുവലിലും ചില മാറ്റങ്ങള്‍ വരുത്തിയാലേ ആര്‍ഭാടമില്ലാതെ മത്സരം നടത്താന്‍ കഴിയുകയുള്ളു.

ആലപ്പുഴയ്‌ലാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ തീരുമാനിച്ചത്. പ്രളയാനന്തര സ്ഥിതി പരിശോധിച്ച് ചെലവു ചുരുക്കി നടത്താന്‍ യോജ്യമായ സ്ഥലം തിരഞ്ഞെടുക്കുമെന്നും തിരുവനന്തപുരത്തു നടത്താന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

error: Content is protected !!