കസ്തൂരിരംഗൻ റിപ്പോർട്ടിൽ കേരളത്തിനു തിരിച്ചടി

കസ്തൂരിരംഗൻ കരട് വിജ്ഞാപനം പുതുക്കി ഇറക്കുമ്പോൾ കൂടുതൽ മേഖലകൾ ഒഴിവാക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്രപരിസ്ഥിതി മന്ത്രാലയം അംഗീകരിക്കില്ല. 2017 ലെ കരട് വിജ്ഞാപനം അടുത്തയാഴ്ചയോടെ അതേപടി പുതുക്കി ഇറക്കും. പരിസ്ഥിതി ലോല മേഖലയിൽ മാറ്റം വരുത്തരുതെന്ന ഹരിത ട്രിബ്യുണൽ ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ വീണ്ടും ചർച്ച നടത്തും.

കസ്തൂരിരംഗൻ കരട് വിജ്ഞാപനത്തിൽ നിന്ന് കൂടുതൽ പ്രദേശങ്ങളെ ഒഴിവാക്കുന്നതിന് ഹരിതട്രിബ്യുണലിന്‍റെ ഓഗസ്റ്റ് 24ആം തിയതിയിലെ ഉത്തരവാണ് തടസമായി കേന്ദ്രപരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. 2017ലെ കരടിൽ നിന്ന് 1343 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങൾ കൂടി ഒഴിവാക്കണമെന്ന കേരളത്തിന്‍റെ ആവശ്യം ഉൾപ്പെടുത്താൻ തുടക്കത്തിൽ ധാരണയായിരുന്നു. എന്നാൽ കേരളത്തിലെ പ്രളയം കണക്കിലെടുത്തുള്ള ട്രിബ്യുണൽ ഉത്തരവോടെ സാഹചര്യം മാറി.

ഓഗസ്റ്റ് 26ന് കാലാവധി കഴിഞ്ഞ കരട് വിജ്ഞാപനം മാറ്റങ്ങൾ ഇല്ലാതെയായിരിക്കും പുതുക്കി ഇറക്കുക. കേരളത്തിന് വേണ്ടിമാത്രമായി അന്തിമ വിജ്ഞാപനം ഇറക്കണമെന്ന്‌ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ പരിസ്ഥിതിമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും ഇങ്ങനെയൊരു ശുപാർശ സംസ്ഥാനസർക്കാർ നൽകിയിട്ടില്ലെന്നാണ് ലഭിച്ച പ്രതികരണം.

മന്ത്രിയുടെ അംഗീകാരം ലഭിച്ച ശേഷം അടുത്തയാഴ്ചയോടെ പുതുക്കി ഇറക്കുന്ന കരട് വിജ്ഞാപനം കേന്ദ്രം ഹരിത ട്രിബ്യുണലിൽ സമർപ്പിക്കും. ആറു മാസത്തിനകം അന്തിമവിജ്ഞാപനം ഇറക്കണമെന്ന് ട്രിബ്യുണൽ ഉത്തരവിട്ടതിനാൽ സമവായത്തിനായി സംസ്ഥാന സർക്കാരുകളുമായി വീണ്ടും ചർച്ചകൾ നടത്താനാണ് നീക്കം.

error: Content is protected !!