കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ന് വിമാനമിറങ്ങും : ഉദ്ഘാടനം കേരളപ്പിറവി ദിനത്തില്‍

രാജ്യാന്തര വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി ഡയറക്ടര്‍ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ പരിശോധന പൂര്‍ത്തിയാവുകയും വിവിധ പരീക്ഷണങ്ങള്‍ സമ്പൂര്‍ണ്ണ വിജയത്തിലെത്തുകയും ചെയ്തതോടെ അവസാനവട്ട പരിശോധനക്ക് ഇന്ന്  മൂര്‍ഖന്‍പറമ്പില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിംഗ് 737- 800 വിമാനമിറങ്ങും.

രാവിലെ 10 മണിയോടെയാണ്  വിമാനം പറന്നിറങ്ങുക. സമയം ക്രമീകരിക്കുന്നതിന് വിമാനം ആകാശത്ത് വേഗം നിയന്ത്രിക്കും. തിരുവനന്തപുരത്തുനിന്ന് ഉന്നത ഉദ്യോഗസ്ഥരുമായാണ് 189 സീറ്റുകളുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിംഗ് 737- 800 വിമാനം പുറപ്പെടുക. മൂര്‍ഖന്‍പറമ്പിലെത്തി 6 തവണ ലാന്റിംഗ് നടത്തുന്ന വിമാനം വൈകുന്നേരം 3 മണിക്കുശേഷം തിരിച്ചുപോകും.

തുടര്‍ന്ന് അടുത്ത ആഴ്ചയോടെ വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിക്കും. ഇതിനുശേഷം വിവിധ കമ്പനികള്‍ മൂര്‍ഖന്‍പറമ്പില്‍ പരീക്ഷണ പറക്കല്‍ നടത്തും. ഈമാസം 29ന് കാലത്ത് 11 മണിക്ക് തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിലെ ഐറിഷ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കിയാല്‍ യോഗത്തില്‍ ഉദ്ഘാടനത്തിന്റെ ഔദ്യോഗിക തീയ്യതി പ്രഖ്യാപിക്കും.

വിമാനത്താവളം പൂര്‍ണ്ണസജ്ജമായെങ്കിലും കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഉദ്ഘാടനം നടത്തുവാനാണ് നീക്കം. 1996 ലാണ് കേന്ദ്രമന്ത്രി സി എം ഇബ്രാഹിം കണ്ണൂര്‍ വിമാനത്താവളം എന്ന ആശയം മുന്നോട്ടുവെച്ചത്. പരീക്ഷണ പറക്കല്‍ ഉള്‍പ്പെടെ മൂര്‍ഖന്‍ പറമ്പില്‍ ഇതിനകം ചെറുതുംഇടത്തരവുമായി 10 തവണ വിമാനമിറങ്ങിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് വിമാനത്താവളത്തില്‍ ഇറങ്ങാതെ 5,000 അടി ഉയരത്തില്‍ 379.94 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഒരുവിമാനം വട്ടമിട്ടു പറന്നും പരിശോധന നടത്തി.

error: Content is protected !!