സി പി എം നിലപാടിനെതിരെ ജസ്റ്റിസ് കെമാൽപാഷ

ഞങ്ങൾ ചെയ്യും, ഞങ്ങൾ അന്വേഷിക്കും, ഞങ്ങൾ തന്നെ ശിക്ഷിക്കും എന്ന നിലപാട് ശരിയല്ല. പാർട്ടിക്ക് കേസ് അന്വേഷിക്കാൻ അധികാരമില്ല. നീതി നിർവഹണ സംവിധാനം പാർട്ടികളുടെയും സഭയുടെയും പരിധിക്ക് പുറത്തുള്ളവർക്ക് വേണ്ടി മാത്രമല്ല. ഇക്കാര്യം പാർട്ടി നേതൃത്വം ഗൗരവമായി പരിഗണിക്കണമെന്നും റിട്ട. ജസ്റ്റിസ് കെമാൽ പാഷ  പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.കെ.ശശിക്കെതിരെ വനിതാ നേതാവ് നൽകിയ പരാതി സി.പി.എം നേതൃത്വം പൊലീസിന് കൈമാറാത്തത് കുറ്റവാളിയെ രക്ഷപ്പെടാൻ സഹായിക്കുന്നതിന് തുല്യമാണെന്ന് റിട്ട. ജസ്റ്റിസ് കെമാൽ പാഷ. ഇന്ത്യൻ ശിക്ഷാ നിയമം 201ാം വകുപ്പ് പ്രകാരം കേസെടുക്കാവുന്ന പ്രവൃത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ പ്രവർത്തനത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലിൽ തൃപ്തിയില്ലെന്ന് പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി പ്രഖ്യാപിച്ച അടിയന്തരസഹായമായ 500 കോടിരൂപ തീരെ കുറഞ്ഞുപോയെന്നും 5000 കോടിയെങ്കിലും അടിയന്തരസഹായം നൽകേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ജലവൈദ്യുത പദ്ധതികളിൽനിന്ന് സംസ്ഥാനം കാലക്രമേണ മാറണം. അതിരപ്പിള്ളി പദ്ധതിക്ക് ഒരിക്കലും അനുമതി നൽകരുത്. സോളാർ പോലുള്ള ഊർജ്ജോല്പാദന മാർഗങ്ങളിലേക്ക് മാറണം. നഷ്ട പരിഹാരം നൽകേണ്ടിവരും എന്നുള്ളതുകൊണ്ടാണ് വെള്ളപ്പൊക്കത്തിന് ഡാം തുറക്കലുമായി ബന്ധമില്ലെന്ന് സർക്കാർ പറയുന്നത്. പ്രളയദുരന്തത്തിന് ഡാം തുറക്കലും കാരണമായെന്ന് കാര്യം ജൂഡീഷ്യൽ അന്വേഷണത്തിന് വിധേയമാക്കണമെന്നും കെമാൽ പാഷ പറഞ്ഞു.

 

error: Content is protected !!