ജലന്ധർ ബിഷപ്പിനെതിരായ കേസുകൾ ഹൈക്കോടതിയിൽ

ജലന്ധർ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ സമർപ്പിച്ച ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിന്‍റെ അന്വേഷണ പുരോഗതി സർക്കാർ കോടതിയിൽ അറിയിക്കും. അതിനിടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷനിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീയുടെ കുടുംബം സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഒപ്പം അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നും സാക്ഷികളായ മറ്റ് കന്യാസ്ത്രീകൾക്ക് സംരക്ഷണം നൽകണം എന്നാവശ്യപ്പെട്ടുള്ള ഹർജിയും കേസന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും ഇന്ന് കോടതിയുടെ പരിഗണിക്കും. സർക്കാരിന് വേണ്ടി അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് ഇന്ന് കോടതിയിൽ സത്യവാങ്മൂലം നൽകും. മുദ്രവച്ച കവറിലായിരിക്കും ഇതുവരെയുള്ള അന്വേഷണ പുരോഗതി അറിയിക്കുക.

ഇന്നലെ റേഞ്ച് ഐജി വിജയ് സാക്കറേയുടെ നേതൃത്വത്തിൽ അന്വേഷണസംഘം യോഗം ചേർന്ന് ബിഷപ്പിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ബിഷപ്പ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ തെളിവുകളുടെ അഭാവമുണ്ടെന്നാണ് പൊലീസിന്റെ നിലപാട്. അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ ഹൈക്കോടതിക്ക് സമീപം നടത്തുന്ന സമരത്തിന് പിന്തുണയേറുകയാണ്. പൊലീസ് അന്വേഷണം പ്രഹസനമാണെന്നും നീതി കിട്ടും വരെ സമരം ചെയ്യുമെന്നുമാണ് കന്യാസ്ത്രീകളുടെ നിലപാട്.കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിന്റ് ക്രിസ്റ്റ്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ സമരം തുടങ്ങിയത്.

error: Content is protected !!