ഇന്തോനേഷ്യയിൽ സുനാമി: 384 മരണം

ഇന്തോനേഷ്യയിൽ ഭൂകമ്പത്തെതുടർന്ന‌്  ആഞ്ഞടിച്ച സുനാമിയിൽ മരിച്ചവരുടെ എണ്ണം 384 ആയി. അഞ്ഞൂറിലധികം പേർക്ക‌് പരിക്കേറ്റു. സുലുവേസി ദ്വീപിലെ പാലുവിലാണ‌്  ശക്തമായ ഭൂചലനത്തിനു പിന്നാലെ സുനാമി ആഞ്ഞടിച്ചത‌്. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും സുനാമിയിലും 3.5 ലക്ഷം വീട‌് തകർന്നു. കടൽത്തീരത്ത‌് നിരവധി മൃതദേഹങ്ങൾ അടിഞ്ഞുകിടക്കുന്നുണ്ട‌്. നിരവധി കപ്പലുകളും ബോട്ടുകളും ഒഴുകിപ്പോയി. വാർത്താവിനിമയ സംവിധാനം പൂർണമായും തകരാറിലായി. പാലുവിലെ വിമാനത്താവളം അടച്ചു. ഗതാഗതം നിലച്ച‌തിനാൽ രക്ഷാപ്രവർത്തകർക്ക‌് എത്തിച്ചേരാൻ പ്രയാസമായത്‌ ആഘാതം ഇരട്ടിച്ചു.

പാലുവിലെയും സമീപ നഗരങ്ങളിലെയും ആശുപത്രികൾ  പരിക്കേറ്റവരെക്കൊണ്ട‌് നിറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മറ്റും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. മരണസംഖ്യ ഉയരാനാണ് സാധ്യയെന്ന‌് അധികൃതർ പറഞ്ഞു. പരിക്കേറ്റവരെ തുറസ്സായ സ്ഥലത്ത് ചികിത്സിക്കേണ്ട അവസ്ഥയാണ്‌.  സൈന്യം രക്ഷാപ്രവർത്തനം സജീവമാക്കിയിട്ടുണ്ടെന്ന‌് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ അറിയിച്ചു. മൂന്നരലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന പട്ടണമാണ് പാലു. ഇവിടെ ബീച്ച് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടവരിലേറെയും.

മൂന്നര മീറ്ററോളം ഉയരത്തിലാണ‌്  തിരമാല ആഞ്ഞടിച്ചത്. തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനം ഭീതിയിലാണ്. മൂന്നരലക്ഷം ജനസംഖ്യയുള്ള ഡെങ്കാല നഗരത്തിൽനിന്ന‌് 56 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. ഇന്ത്യൻസമയം വെള്ളിയാഴ‌്ച 3.30നാണ‌് ഭൂചലനമുണ്ടായത‌്. ആദ്യ ഭൂചലനം ഉണ്ടായപ്പോൾ സുനാമി മുന്നറിയിപ്പു നൽകിയെങ്കിലും ഇത‌് പിൻവലിച്ചതിനു തൊട്ടുപിന്നാലെ സുനാമിത്തിരകൾ ഉയരുകയായിരുന്നു. ഇന്തോനേഷ്യയിലെ പ്രധാന വിനോദഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബാലിക്കു സമീപമാണ‌് സുലാവേസി.

ബാലി ദ്വീപിനെയും ഭൂചലനം ബാധിച്ചിട്ടുണ്ട്.  ഇന്തോനേഷ്യയിലുണ്ടായ സുനാമി ഏഷ്യന്‍ തീരത്തും ഇന്ത്യന്‍ മഹാസമുദ്രത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 2004 ഡിസംബർ 26ന് പശ്ചിമ ഇന്തോനേഷ്യയിലെ സുമാത്രയിൽ 9.1 തീവ്രതയുള്ള ഭൂചലനത്തെ തുടർന്നുണ്ടായ സുനാമിയിൽ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലായി 2.3 ലക്ഷം പേരാണ‌് മരിച്ചത‌്.

error: Content is protected !!