സംസ്ഥാനത്ത് ഒരാഴ്ച കൂടി കനത്ത ചൂട് തുടരും

സംസ്ഥാനത്ത ചില പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന ഉയര്‍ന്ന ചൂട് ഒരാഴ്ചവരെ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. പതിനേഴാം തീയതിവരെ ചൂട് തുടര്‍ന്നേക്കും. 17-നുശേഷം മഴ വീണ്ടും തുടങ്ങും. 18-ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനും ഇതിന്റെ സ്വാധീനത്തില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍.

പ്രളയത്തിന് ശേഷമാണ് സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ ചൂട് കൂടിയത്. ഇത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇതിന് പ്രളയവുമായി യാതൊരു ബന്ധമില്ലെന്നും, മഴകുറഞ്ഞതാണ് ചൂടുകൂടാന്‍ കാരണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു. സെപ്റ്റംബര്‍ ഒന്നുമുതല്‍ 11 വരെ 82.5 മില്ലി മീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടിയിരുന്നത്. എന്നാല്‍, അഞ്ച് മില്ലി മീറ്ററാണ് പെയ്തത്. ഈ കുറവാണ് ചൂട് കൂടാന്‍ കാരണമായത്.

ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, പുനലൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് താപനിലയില്‍ അസാധാരണമായ വര്‍ധനവാണുള്ളത്. ഇവിടങ്ങളില്‍ ദീര്‍ഘകാല ശരാശരിയില്‍നിന്ന് രണ്ട് ഡിഗ്രിയോ അതില്‍ക്കൂടുതലോ ചൂട് ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ട്. 18-ന് ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യപടിഞ്ഞാറ് ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് വിലയിരുത്തുന്നത്. ഇത് കേരളത്തിലെ മഴയ്ക്കും അനുകൂലമാവും. എന്നാല്‍, കനത്ത മഴ ഈ സമയത്ത് പ്രതീക്ഷിക്കുന്നില്ല. ഏഴ് സെന്റീമീറ്ററില്‍ കുറഞ്ഞ തോതിലുള്ള മിതമായ മഴയ്ക്കാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

error: Content is protected !!