ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്ന്‍ സൂചന

മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. 10.30 ഓടെ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരായ ഫ്രാങ്കോ മുളക്കലിന് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയതായാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരായ ഉടന്‍ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചുവെന്നാണ്  അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

കൂടെ എത്തിയവരോട് പുറത്തേക്ക് പോകാന്‍ ആദ്യം തന്നെ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.  അടുത്ത ബന്ധുക്കളോടും അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ് സൂചന നല്‍കിയിട്ടുണ്ട്. ബിഷപ്പിന്‍റെ കൂടുതല്‍ വസ്ത്രങ്ങളടക്കമുള്ളവ എത്തിക്കാനും നിര്‍ദേശം നല്‍കിയതായാണ് വിവരം. ഇന്നലെ വൈകുന്നേരം  തന്നെ ഇത് സംബന്ധിച്ച് ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും പൊലീസ് സൂചനകള്‍ നല്‍കിയിരുന്നു.

അതേസമയം ഫ്രാങ്കോ മുളയ്ക്കലിന്‍റെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസം പുനരാരംഭിച്ചു.  തൃപ്പൂണിത്തുറ ക്രെെംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. അറസ്റ്റ്  മുന്നില്‍ കണ്ട് ബിഷപ്പിന്‍റെ അഭിഭാഷകര്‍ ജാമ്യാപേക്ഷ തയ്യാറാക്കിയിട്ടുണ്ട്.

പീഡനത്തിനിരയായ കന്യാസ്ത്രീയുടെ മൊ‍ഴി രേഖപ്പെടുത്തി. കുറുവിലങ്കാട്  മഠത്തിലെത്തിയാണ് മൊ‍ഴി രേഖപ്പെടുത്തിയത്. തുടർച്ചയായി മൂന്നാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ  ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കൊച്ചിയിൽ തങ്ങുകയാണ് ബിഷപ്പ്.

ചോദ്യം ചെയ്യലിനോട് ബിഷപ്പ് സഹകരിക്കുന്നുണ്ടെന്ന് കോട്ടയം എസ് പി ഹരിശങ്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ മൊഴിയിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചും കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവുകളെക്കുറിച്ചുമുള്ള ചോദ്യത്തിന് തൃപ്തികരമായ വിശദീകരണം നൽകാൻ ബിഷപ്പിന് കഴിഞ്ഞില്ലെന്നാണ് വിവരം.

ഇന്നലത്തെ ചോദ്യം ചെയ്യൽ അവസാനിച്ചതിനെ തുടർന്ന് പോലീസ് 3 പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് മൊഴികളിലെ വിശദാംശങ്ങൾ സമഗ്രമായി പരിശോധിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യൽ.

error: Content is protected !!