നവകേരളത്തിനായി കൈകോര്‍ത്ത് കണ്ണൂര്‍ : ഒറ്റ ദിവസം ലഭിച്ചത് 4.45 കോടി രൂപയും 88 സെന്റ് ഭൂമിയും

കണ്ണൂര്‍ : നവകേരളത്തിനായി മനസ്സറിഞ്ഞ് സംഭാവന നല്‍കാന്‍ എത്തുകയാണ് നാടൊന്നാകെ. പ്രളയ ദുരന്തത്തില്‍ നിന്ന് നാടിനെ കരകേറ്റാനും കേരളത്തെ പുനര്‍ നിര്‍മിക്കാനുമുള്ള പരിശ്രമങ്ങളില്‍ അണിചേരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഇവര്‍ നെഞ്ചേറ്റു വാങ്ങൂകയാണ്. ഇതില്‍ ഈ നാട്ടിലെ ഹൃദയമുള്ള ഓരോ മനുഷ്യരുമുണ്ട്. ദരിദ്രനും ധനികനുമെന്ന വ്യത്യാസമില്ല. ജാതി, മത വേര്‍തിരിവുകളില്ല. ഓരോ കേരളീയനും സഹജീവി സ്‌നേഹത്താല്‍ തുടിക്കുന്ന ഹൃദയവുമായി നവകേരളത്തിനായുള്ള വിഭവ സമാഹരണത്തില്‍ തങ്ങളുടേതായ പങ്ക് വഹിക്കാനത്തെുന്ന ആവേശകരമായ കാഴ്ച. മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ധനസമാഹരണ പരിപാടി ജനകീയ കൂട്ടായ്മയുടെ മറ്റൊരു ഇതിഹാസമാവുകയാണ്.

കുട്ടികളുടെ സമ്പാദ്യ കുടുക്ക മുതല്‍ വാര്‍ധക്യകാല പെന്‍ഷന്‍ വരെയും ജീവനക്കാരുടെ ശമ്പളം മുതല്‍ പ്രവാസി വ്യവസായികളുടെ സംഭാവന വരെയും സമൂഹത്തിന്റെ സമസ്ത തലങ്ങളിലുമുള്ളവര്‍ ഒരേ വികാരത്തോടെ സംഭാവന മന്ത്രിമാരെ ഏല്‍പ്പിക്കുകയാണ്, പുതിയ കേരളം സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്കുള്ള പിന്തുണയായി; ഓരോ പൗരന്റെയും പങ്കാളിത്തമായി

കണ്ണൂര്‍ ജില്ലയില്‍ മന്ത്രിമാരായ ഇ പി ജയരാജന്റെയും കെ കെ ശൈലജ ടീച്ചറുടെയും നേതൃത്വത്തില്‍ എട്ട് കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച ധനസമാഹരണ പരിപാടി നടന്നത്. ഈ എല്ലാ കേന്ദ്രങ്ങളില്‍ നിന്നുമായി 4,45,54,212 രൂപയും 88 സെന്റ് ഭൂമിയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ലഭിച്ചത്. ഓരോ പ്രദേശത്തെയും വിവിധ മേഖലകളിലുള്ള പ്രധാന വ്യക്തികള്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വ്യാപാരികള്‍, സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍, ക്ഷേത്രകമ്മിറ്റികള്‍, മഹല്ല് കമ്മിറ്റികള്‍, സാംസ്‌ക്കാരിക സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ളവര്‍ സംഭാവന നല്‍കാനെത്തി.

വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഒരു മാസത്തെ ഓണറേറിയവും തദ്ദേശ സ്ഥാപനങ്ങളിലെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള സമ്മത പത്രവും ചടങ്ങുകളില്‍ മന്ത്രിമാര്‍ക്ക് കൈമാറി.

 

      

 

error: Content is protected !!