പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തില്‍

പ്രളയക്കെടുതി വിലയിരുത്താനുള്ള കേന്ദ്രസംഘം ഇന്ന് കേരളത്തില്‍ എത്തും. അഞ്ച് ദിവസം കേന്ദ്ര സംഘം കേരളത്തിലുണ്ടാകും. സംഘം തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിനുള്ള അധിക സഹായം സംബന്ധിച്ച തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളും.

പ്രളയത്തില്‍ തകര്‍ന്ന സ്ഥലങ്ങള്‍ സംഘം നേരിട്ട് സന്ദര്‍ശിച്ച് നാശനഷ്ടത്തിന്‍റെ ആഴം വിലയിരുത്തും. ഈ സംഘം നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഉന്നത സമതി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ധനസഹായം അനുവദിക്കുക. പ്രളയക്കെടുതി വിലയിരുത്തി കേരളം കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച നിവേദനത്തില്‍ 4700 കോടി രൂപയുടെ അധിക സഹായം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ആദ്യഘട്ടത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സന്ദര്‍ശനം നടത്തിയപ്പോള്‍ കേരളത്തിന് നൂറ് കോടി ലഭിച്ചു. പ്രളയം രൂക്ഷമായപ്പോള്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനത്തില്‍ അഞ്ഞൂറ് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. എന്നാല്‍ ധനസഹായം അപര്യാപ്‌തമാണെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

 

error: Content is protected !!