പവനായി യാത്രയായി

മലയാളിക്ക് എന്നും അഭിമാനിക്കുവാനുള്ള കഥാപാത്രങ്ങളായിരുന്നു ക്യാപ്റ്റന്‍ രാജുവിനെ തേടിയെത്തിയിരുന്നത്. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ എന്നും മലയാളസിനിമയിൽ തല ഉയർത്തി നിന്ന താരം. ക്യാപ്റ്റൻ രാജുവിൻറെ 4 പതിറ്റാണ്ട് നീണ്ട സിനിമായാത്ര പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാനാകാത്ത കഥാപാത്രങ്ങളാണ്. ഓഗസ്റ്റ് 1 ലെ സീരിയൽ കില്ലർ ഗോമസ്. ആവനാഴിയിലെ സത്യരാജ്, ഒരു വടക്കൻ വീരഗാഥയിലെ അരിങ്ങോടർ, ഇതെല്ലാം ക്യാപ്റ്റനിലൂടെ മലയാളികൾ കണ്ട ചില മുഖങ്ങൾ മാത്രം.

സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ടീമിന്റെ നാടോടിക്കാറ്റിലെ പവനായിയുടെ വരവ് പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചു. കോട്ടും സൂട്ടും മലപ്പുറം കത്തിയും മെഷിൻ ഗണ്ണും ട്രാൻസിസ്റ്റർ ബോംബുമായി വന്നിറങ്ങിയ രാവണീശ്വരം സ്വദേശി പവനായിയെ നോക്കി ശ്രീനിവാസൻ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്, “ദാസാ…… ഏതാണീ അലവലാതി…”  അതോടെ അത്രയും കാലം പ്രേക്ഷകരിൽ ഭീതി ജനിപ്പിച്ച ക്യാപ്റ്റൻ രാജുവിലെ വില്ലനും ഇല്ലാതായി. നാടോടിക്കാറ്റിലെ വിജയനെയും ദാസനെയും പോലെ തന്നെ പവനായിയും സ്വീകരിക്കപ്പെട്ടു. ഇന്നത്തെ കൊച്ചുകുട്ടികൾക്ക് പോലും ക്യാപ്റ്റൻ രാജു പവനായി ആണ്. ഏതാനും സീനുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട പവനായി മലയാളികളുടെ മനസിലേക്ക് വളരെ വേഗം കുടിയേറി. ‘അങ്ങനെ പവനായി ശവമായി’ എന്ന തിലകന്റെ ഡയലോഗ് മലയാളികൾ കൂട‌ുന്നിടത്തുനിന്നെല്ലാം ഇന്നുംകേൾക്കാം.

താൻ ചെയ്ത നെഗറ്റീവ് റോളുകൾ കാരണം ഒരു കലാകാരനെന്ന നിലയിൽ സമൂഹത്തിൽ തനിക്ക് അകൽച്ച നേരിടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. വ്യക്തിപരമായും അദ്ദേഹം വില്ലൻ റോളുകളിൽ അസ്വസ്ഥനായിരുന്നു. സിനിമയിൽ കൊലപാതകം പോലുള്ള രംഗങ്ങളിൽ അഭിയിക്കുമ്പോൾ അദ്ദേഹം മനസ്സുകൊണ്ടു കരഞ്ഞിരുന്നു. അമ്മ മരിച്ച ഘട്ടത്തിലാണ് ഇനി നെഗറ്റീവ് റോൾ വേണ്ടെന്ന തീരുമാനത്തിൽ താനെത്തിയതെന്നു ക്യാപ്റ്റൻ രാജു ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞു.

1989ൽ എം.ടി രചിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത ഒരുവടക്കൻ വീരഗാഥയിലെ അരിങ്ങോടർ ചേകവന്റെ വേഷവും ക്യാപ്റ്റൻ രാജുവിന് ലഭിച്ച പ്രധാന വേഷങ്ങളിലൊന്നായിരുന്നു. 20 വർഷത്തിനുശേഷം ഇതേ ടീം പഴശ്ശിരാജ അണിയിച്ചൊരുക്കിയപ്പോഴും ഉണ്ണിമൂത്ത എന്ന കഥാപാത്രമായി ക്യാപ്റ്റൻ രാജു ഉണ്ടായിരുന്നു. 2003ൽ ദിലീപ് നായകനായെത്തിയ സി.ഐ.ഡി മൂസ എന്ന സിനിമയിലെ ക്യാപ്റ്റൻ രാജുവിൻറെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. കരുണൻ ചന്തക്കവല അഥവാ കരംചന്ദ് എന്ന പ്രൈവറ്റ് ഡിറ്റക്ടീവിന്റെ വേഷത്തിലാണ് സിനിമയിൽ രാജു എത്തുന്നത്. പവനായിക്ക് ശേഷം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കഥാപാത്രമായിരുന്നു കരംചന്ദിന്റേതും.

1981ല്‍ ജോഷി സംവിധാനം ചെയ്ത രക്തം എന്ന ചിത്രത്തിലൂടെയാണ് ക്യാപ്റ്റൻ രാജു സിനിമാ ജീവിതത്തിനു തുടക്കമിട്ടത്. തുടര്‍ന്നു നിരവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍. 1983-ല്‍ നടന്‍ മധു നിര്‍മിച്ച് ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത രതിലയം എന്ന ചിത്രത്തില്‍ നായകതുല്യമായ വേഷത്തിലെത്തി. തടാകം, മോര്‍ച്ചറി, അസുരന്‍ തുടങ്ങിയ ചിത്രങ്ങളിലുടെയാണു ക്യാപ്റ്റന്‍ രാജു മുന്‍നിരയിലേയ്ക്ക് ഉയര്‍ന്നുവന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലിഷ് തുടങ്ങിയ ഭാഷകളില്‍  അഞ്ഞൂറിലധികം സിനിമകളില്‍ രാജു അഭിനയിച്ചു. പത്തോളം സീരിയലുകളിലും വേഷമിട്ടു. 1997 ല്‍ ‘ഇതാ ഒരു സ്‌നേഹഗാഥ’ എന്ന സിനിമ സംവിധാനം ചെയ്തു. 2012-ല്‍ തന്റെ പ്രിയ കഥാപാത്രമായ പവനായിയുടെ രണ്ടാം വരവായി ‘മിസ്റ്റര്‍ പവനായി 99.99’ എന്ന ചിത്രത്തിന്റെ സംവിധാന ജോലികള്‍ ആരംഭിച്ചെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.

1999ല്‍ ഇസ്മയില്‍ മെര്‍ച്ചന്റ് സംവിധാനം ചെയ്ത കോട്ടണ്‍ മേരി എന്ന ഇംഗ്ലിഷ് ചിത്രത്തില്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തിലെത്തി. 2011ല്‍ പ്രിയദര്‍ശന്‍ ചിത്രമായ കഷ്മകഷിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.

error: Content is protected !!