ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍  ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകും. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ രാവിലെ 10ന് ഹാജരാകാനാണ് ബിഷപ്പിനോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈടെക് ചോദ്യം ചെയ്യൽ മുറിയിലാകും ചോദ്യംചെയ്യൽ. ചൊവ്വാഴ്ച രാത്രിയോടെയാണ് ചോദ്യംചെയ്യൽ തൃപ്പൂണിത്തുറയിലാക്കാൻ തീരുമാനിച്ചത്. സുരക്ഷാ കാരണങ്ങളെ തുടർന്നാണ് ചോദ്യം ചെയ്യൽ കൊച്ചിയിലേക്ക് മാറ്റിയത്.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പ് കൽപ്പിക്കാത്ത സാഹചര്യത്തിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. എന്നാൽ അറസ്റ്റിന് തടസ്സമില്ലെന്ന് കോട്ടയം എസ് പി ഹരിശങ്കർ കൊച്ചി റേഞ്ച് ഐ ജി വിജയ് സാഖ്റെയുമായി കൂടിക്കാഴ്ചക്ക് ശേഷം അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് കൊച്ചിയിലെത്തിയ ബിഷപ് മുതിർന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തി എന്നാണു വിവരം. അഭിഭാഷകന്റെ പരിശീലനം ബിഷപ്പിന് ലഭിച്ചെന്ന് ഉറപ്പുള്ളതിനാൽ ഓരോ ചോദ്യങ്ങളും ഉപചോദ്യങ്ങളുമായാണ് അന്വേഷണ സംഘം എത്തുക.

തൃപ്പൂണിത്തുറയ്ക്കു പുറമെ വൈക്കം, ഏറ്റുമാനൂർ, കോട്ടയം എന്നിവിടങ്ങളിലും ചോദ്യംചെയ്യലിനു സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ എന്തെങ്കിലും അസൗകര്യം നേരിട്ടാൽ ഈ സ്ഥലങ്ങളിലേക്കു മാറ്റാനാണു പദ്ധതി. ബിഷപ്പിന്റെ വൈദ്യ പരിശോധനയ്ക്കുള്ള സൗകര്യം കോട്ടയം മെഡിക്കൽ കോളജിൽ ഒരുക്കിയിട്ടുണ്ട്.ബിഷപ്പിനോടുള്ള ചോദ്യങ്ങൾ, ചോദ്യം ചെയ്യേണ്ട രീതി, കേസിലെ ഇതുവരെയുള്ള തെളിവുകൾ എന്നിവ ഐ.ജി വിജയ് സാക്കറെയെ കൊച്ചിയിൽ നടന്ന യോഗത്തിൽ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ധരിപ്പിച്ചിരുന്നു.

error: Content is protected !!