മലയാള സിനിമയുടെ നികത്താന്‍ കഴിയാത്ത നഷ്ടം; ക്യാപ്റ്റന്‍ രാജുവിനെ അനുസ്മരിച്ച് മമ്മൂട്ടി

ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ അനുസ്മരിച്ച് നടന്‍ മമ്മൂട്ടി. മലയാള സിനിമയില്‍ നികത്താന്‍ കഴിയാത്ത നഷ്ടമാണ് ക്യാപ്റ്റന്‍ രാജുവിന്‍റെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് നടന്‍ മമ്മൂട്ടി അനുസ്മരിച്ചു. ക്യാപ്റ്റൻ രാജുവിന്റെ വേർപാട് മലയാളസിനിമയ്ക്ക് വലിയൊരു നഷ്ടം തന്നെയാണെന്നും കുടുംബാംഗങ്ങളും സങ്കടത്തിൽ ഒപ്പംചേരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

അഭിനയമികവും രൂപഭംഗിയും കൊണ്ട് വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയെയാണ് നഷ്ടമായത്. തൊഴിലിനോടും സുഹൃത്തുകളോട് ഏറെ ആത്മാര്‍ത്ഥ കാത്തുസൂക്ഷിച്ച ഒരാളായിരുന്നു ക്യാപ്റ്റന്‍ രാജു എന്നും മമ്മൂട്ടി പ്രതികരിച്ചു. ‘ഇത്രയും ബഹുഭാഷ ചിത്രങ്ങളിൽ അഭിനയിച്ച നടൻ മലയാളസിനിമയിൽ ഉണ്ടോ എന്നറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ രൂപഭംഗിയും അഭിനയചാതുര്യവുമാണ് മറ്റുഭാഷകളിലും സ്വീകാര്യനാക്കി മാറ്റിയത്. എല്ലാവരോടും പ്രത്യേകരീതിയിലാണ് സംസാരിക്കുന്നത്. രാജുച്ചായൻ എന്നാണ് സ്വയം പരിചയപ്പെടുത്തുക.’–മമ്മൂട്ടി പറഞ്ഞു.

‘അവസാനമായി അഭിനയിച്ചതും എനിക്കൊപ്പം മാസ്റ്റർപീസിലായിരുന്നു. അടുത്തുകാലത്താണ് അദ്ദേഹം അസുഖബാധിതനായത്. അതിനു മുമ്പ് അപടകത്തിൽ സ്ട്രോക്ക് ഉണ്ടായി കാലിന് പരുക്കേറ്റിരുന്നു. വടക്കൻ വീരഗാഥ, ആവനാഴി അങ്ങനെ പ്രസിദ്ധമായ നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ചു. മലയാളസിനിമയ്ക്ക് വലിയൊരു നഷ്ടം തന്നെയാണ്.’–മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ കൊച്ചിയിലെ സ്വവസതിയില്‍ വച്ചാണ് ക്യാപ്റ്റന്‍ രാജു അന്തരിച്ചത്. ഏറെ കാലമായി രോഗബാധിതനായിരുന്നു. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അറുപത്തെട്ട് വയസായിരുന്നു. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

error: Content is protected !!