ഹാരിസണ്‍ മലയാളം കേസില്‍ സര്‍ക്കാരിന് തിരിച്ചടി
ഹാരിസണ്‍ മലയാളം ഭൂമിയേറ്റെടുപ്പു കേസില്‍ സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി. സ്പെഷ്യല്‍ ഓഫിസറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ഭൂമി ഏറ്റെടുക്കാനായി സ്പെഷ്യല്‍ ഓഫിസര്‍ പറഞ്ഞ കാരണങ്ങള്‍ ഹൈക്കോടതി കൃത്യമായി പരിശോധിച്ചില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.
നോട്ടീസ് അയക്കാതെയാണ് ഹര്‍ജി തള്ളിയത്. ഹൈക്കോടതി ചൂണ്ടിക്കാണിച്ച കണ്ടെത്തലുകള്‍ സുപ്രീം കോടതി ശരിവക്കുകയായിരുന്നു. ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന ഡിവിഷന്‍ ബെഞ്ച് കണ്ടെത്തല്‍ തെറ്റാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഹാരിസണ്‍ കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഹാരിസൺ മലയാളത്തിന് കീഴിലുള്ള 38,000 ഏക്കർ ഭൂമി പാട്ടകരാർ റദ്ദാക്കിയാണ് സർക്കാർ ഏറ്റെടുത്തത്. ഭൂപരിഷ്കരണ നിയമപ്രകാരം സ്പെഷ്യൽ ഓഫീസർ വഴി ഭൂമി ഏറ്റെടുത്ത നടപടി വലിയ വിമർശനത്തോടെയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത് ചോദ്യം ചെയ്തായിരുന്നു സർക്കാരിന്റെ ഹർജി.