പ്രിയപ്പെട്ട നരേന്ദ്രമോഡി, ചട്ടമില്ലെങ്കിൽ ഉണ്ടാക്കണം സർ. ചട്ടമുണ്ടാവുന്നതല്ലല്ലോ, ഉണ്ടാക്കുന്നതല്ലെ. 

കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ മാനദണ്ഡങ്ങളുടെ പേര് പറഞ്ഞ് അതിന് സാധിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധമായി എഴുത്തുകാരനായ ലിജീഷ് കുമാറിന്‍റെ ഫെയ്സ് ബുക്ക് കുറിപ്പ്.

ലിജീഷ് കുമാര്‍

“പ്ലീസ്, ഞങ്ങൾക്കൊരു ഹെലികോപ്ടർ തരുമോ, ഞാൻ കാലുപിടിച്ചു പറയാം. എന്റെ നാട്ടുകാർ മരിച്ചുപോകും. എയർ ലിഫ്റ്റിംഗല്ലാതെ ഇവിടെ വേറെ വഴിയില്ല, എന്റെ നാട്ടിലെ അമ്പതിനായിരം പേർ മരിച്ചുപോകും. ഞങ്ങളെ സഹായിക്കൂ, പ്ലീസ്.”

ഇന്നലെ രാത്രി ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ കരഞ്ഞ കരച്ചിലാണിത്. ബി.ജെ.പിയുടെ സംസ്ഥാന സെക്രട്ടറി ശ്രീധരൻ പിള്ള കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച മണ്ഡലത്തിന്റെ കരച്ചിൽ. ഇത്തരമൊരു ദുരന്തമുഖത്ത് അദ്ദേഹത്തിന്റെ കേന്ദ്ര ഭരണകൂടത്തിൽ നിന്ന് കൈയയച്ച് കിട്ടേണ്ട എയർ ലിഫ്റ്റിംഗ് കാത്തിരുന്നവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. വ്യക്തിപരമായ ഒരനുഭവം പറയാം.

“ചെങ്ങന്നൂർ – പരുമല റോഡിൽ പാണ്ടാട് ഹോസ്പിറ്റലിന്റെ എതിർ വശത്ത് പണക്കാട്ട് വീട്, മൂന്നു പേർ കുടുങ്ങിക്കിടക്കുന്നു. എന്റെ ബന്ധുക്കളാ, അവരെ ഒന്ന് രക്ഷിക്ക് 9562228746 ആണവരുടെ നമ്പർ.”Jiji John എന്ന സുഹൃത്ത് വിളിച്ച് കരഞ്ഞു. ഞാൻ വിളിക്കുമ്പോൾ 9% ആയിരുന്നു അവരുടെ മൊബൈലിലെ ചാർജ്. ചെങ്ങന്നൂരിൽ വിളിക്കാവുന്നിടങ്ങളിലെല്ലാം വിളിച്ചു. ഏഷ്യാനെറ്റ് ന്യൂസിലെ ഷാജഹാൻ കാളിയത്തിനെ നേരിട്ട് വിളിച്ചു. 24 x 7 റെസ്ക്യു ടീമിന്റെ വാട്സപ്പ് ഗ്രൂപ്പിൽ സഞ്ജു ശിവറാമിനെപ്പോലുള്ള ആർട്ടിസ്റ്റുകൾ ഇവരെ രക്ഷിക്കണമെന്ന് പോസ്റ്റ് ചെയ്തു. കഴുത്തൊപ്പം മുങ്ങിയെന്നും ഫോൺ ഓഫായെന്നും തുടരെത്തുടരെ ജിജി വിളിച്ചു കൊണ്ടിരുന്നു. ബോട്ടുകാർ ചെന്നെത്താൻ കഴിയുന്നില്ലെന്ന് സങ്കടം പറഞ്ഞു. എയർ ലിഫ്റ്റിംഗ് മാത്രമേ വഴിയുള്ളൂ എന്ന് തുടരെത്തുടരെ കിട്ടിയ മറുപടികൾ. ഒടുവിൽ ഇപ്പോൾ ജിജി ജോൺ വിളിച്ചു, “ഒരുപാട് കഷ്ടപ്പെട്ടു എല്ലാവരും എന്നറിയാം. നന്ദിയുണ്ട്. അമ്മച്ചി മരിച്ചു പോയി, ബാക്കിയുള്ളവർ രക്ഷപ്പെട്ടു.” ഇത് ചെങ്ങന്നൂരിന്റെ മാത്രം സ്ഥിതിയല്ല. എയർ ലിഫ്റ്റിംഗ് കാത്തിരുന്നവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.

പറഞ്ഞ് വന്നത് ദേശീയ ദുരന്തമായി ദേശത്തിന് തോന്നാത്ത, സൈന്യത്തെ പൂർണ്ണമായി വിന്യസിക്കേണ്ടതുണ്ടെന്ന് ദേശത്തിന് തോന്നാത്ത ഒന്ന് ഞങ്ങളുടെ നാടിനെ എത്രമേൽ മുറിപ്പെടുത്തി എന്നതിനെക്കുറിച്ചാണ്.

പ്രിയപ്പെട്ട നരേന്ദ്രമോഡി,
അങ്ങ് സുരക്ഷിതനായി മടങ്ങിയോ ? മുകളിൽ നിന്ന് താഴെയൊക്കെ ശരിക്ക് കണ്ടിരുന്നോ ? കഷ്ടമല്ലെ ഞങ്ങളുടെ സ്ഥിതി ? സർ, ഞങ്ങളുടെ 14 ജില്ലകളും അങ്ങിന്ന് വരുന്ന വരെ വെള്ളത്തിലായിരുന്നു. എല്ലായിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു, ഇരുന്നൂറിലേറെ പേർ മരിച്ചിട്ടുണ്ട്. മൂന്നേകാൽ ലക്ഷം പേർ ഇപ്പഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ആളുകൾ വീടുകളുടെ മുകളിൽ കയറി നിന്ന് ജീവന് വേണ്ടി കരയുന്നു, മുപ്പത്തഞ്ച് അണക്കെട്ടുകളാണ് തുറക്കേണ്ടി വന്നത്, നെടുമ്പാശ്ശേരിയിലെ അടച്ചുപൂട്ടിയ വിമാനത്താവളം രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ്. പലായനം ചെയ്യപ്പെട്ട മനുഷ്യരുടെ എണ്ണം രണ്ട് മില്യണാണ്. റോഡുകളും പാലങ്ങളും ഒഴുകിപ്പോയിരിക്കുന്നു. ഇരുപതിനായിരം കോടിയുടെ നഷ്ടം ഇതുവരെ കണക്കാക്കപ്പെട്ട ഈ സംസ്ഥാനം അടിയന്തര സഹായമായി അങ്ങയോടാവശ്യപ്പെട്ടത് നഷ്ടത്തിന്റെ കേവലം 10 % മാത്രം വരുന്ന രണ്ടായിരം കോടിയാണ്. മഹാനായ അങ്ങനുവദിച്ചത് നഷ്ടത്തിന്റെ രണ്ടര ശതമാനം മാത്രമുള്ള അഞ്ഞൂറ് കോടിയാണ്. കേൾക്കുമ്പോൾ അഞ്ഞൂറ് കോടി വലിയ തുകയാണ്. അരി വാങ്ങാൻ നൂറു രൂപ വേണ്ടവൻ പത്തു രൂപ തരാമോ എന്നഭ്യർത്ഥിച്ചപ്പോൾ ഇരുപത്തഞ്ച് പൈസ കൊടുത്ത് സഹായിച്ച ശേഷം, എന്റെ ഇരുപത്തഞ്ച് പൈസക്ക് വിലയില്ലേ എന്ന് ചോദിച്ചാൽ എന്ത് പറയാനാണ്. രണ്ടായിരത്തിലേറെ വരുന്ന റിലീഫ് ക്യാമ്പുകളിലെ മനുഷ്യർക്ക് വരും ദിവസങ്ങളിൽ ചെലവാക്കേണ്ടി വരുന്ന പണത്തെക്കുറിച്ച് അങ്ങേക്കറിയുമോ എന്നറിയില്ല. ഡെയ്‌ലി അലവന്‍സായി 62,000 രൂപ അങ്ങേക്കനുവദിച്ച രാജ്യമാണിത്, ഒരു ദിവസം കഴിയാൻ ഞങ്ങൾക്ക് അങ്ങേക്ക് വേണ്ടതിന്റെ 1% വേണ്ടേ സർ ! പഞ്ചവടിയിലെ വീടും എയർ ഇന്ത്യാ വൺന്റെ ഔദ്യോഗിക വിമാനവും കോടികളുടെ പകിട്ടുള്ള ഔദ്യോഗിക വാഹനവും, അടിസ്ഥാന ശമ്പളവും സംച്വറി അലവന്‍സും എംപി അലവന്‍സും ഒക്കെക്കൂട്ടി തട്ടി മുട്ടി ജീവിച്ച് പോകാൻ ഒരു രണ്ട് ലക്ഷം രൂപയും വേണ്ട അങ്ങേക്ക് എല്ലാം ഒലിച്ചു പോയി സർ എന്ന് കരയുന്ന മനുഷ്യരുടെ സങ്കടത്തിന്റെ ആഴം മനസിലാകുമോ എന്നറിയില്ല, പക്ഷേ അങ്ങോർക്കേണ്ട ഒന്ന് രാജ്യത്തെ തങ്ങളുടെ മുഴുവൻ എം.പി മാരോടും എം.എൽ.എ മാരോടും
ഒരു മാസത്തെ ശമ്പളം കേരളത്തിന്‌ കൊടുക്കാൻ ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധിയെപ്പോലെയും കെജ്രിവാളിനെപ്പോലെയുമൊക്കെയുള്ള അങ്ങയുടെ എതിരാളികളും കേരളത്തിന് സഹായം ആഹ്വാനം ചെയ്ത് അവരുടെ സംസ്ഥാന ഭരണകൂടങ്ങളും അങ്ങയെ നോക്കി തുടരെത്തുടരെ കണ്ണിറുക്കുന്നുണ്ട്.

2011 ജനുവരി 14 ന് മകരജ്യോതി കാണാന്‍ എത്തിയ 102 അയ്യപ്പ ഭക്തര്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ പുല്ലുമേട്ടില്‍ തിക്കിലും തിരക്കിലും പെട്ട് അതി ദാരുണമായി മരിച്ചത് അങ്ങേക്കറിയുമോ എന്നറിയില്ല. അറിയാൻ വിഴിയില്ല, അന്ന് കേന്ദ്രം ഭരിച്ചത് യുപിഎ സര്‍ക്കാര്‍ ആയിരുന്നു. സംഭവം നടന്ന് തൊട്ടടുത്ത ദിവസം, അതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെട്ടു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെട്ടാൽ യു.എന്നിൽ നിന്നടക്കമുള്ള അന്താരാഷ്ട്ര ശ്രദ്ധയും സഹായവും ഞങ്ങളെത്തേടി വന്നേക്കും. അതുകൊണ്ട് പോലും കേരളത്തെ പുനർനിർമ്മിക്കാനാവില്ല. പ്രകൃതി ദുരന്തങ്ങൾ ദേശീയ ദുരന്തമാക്കാൻ ചട്ടമില്ല എന്നൊക്കെ പറഞ്ഞ്, ‘താനെന്ത് ദുരന്തമാടോ!’ എന്ന് ഈ മനുഷ്യരെക്കൊണ്ട് ചോദിപ്പിക്കരുത്. ചട്ടമില്ലെങ്കിൽ ഉണ്ടാക്കണം സർ. ചട്ടമുണ്ടാവുന്നതല്ലല്ലോ, ഉണ്ടാക്കുന്നതല്ലെ.

error: Content is protected !!