കേന്ദ്രസഹായം: എൽദോ എബ്രഹാം എംഎല്‍എയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

പ്രളയക്കെടുതി വിലയിരുത്തുന്നതിനും പുനരുദ്ധാരണ നടപടികൾ ചർച്ച ചെയ്യുന്നതിനും ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെ, മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിനോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കുമുളള ധനസഹായം വര്‍ദ്ധിപ്പിക്കണമെന്ന എല്‍ദോ എബ്രഹാമിന്‍റെ നിര്‍ദ്ദേശമാണ് മുഖ്യമന്ത്രിയെ പ്രകോപിതനാക്കിയത്.

ധനസഹായം അപര്യാപ്തമെന്ന് എൽദോ എബ്രഹാം എംഎൽഎ പറഞ്ഞപ്പോൾ കടുത്ത സ്വരത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ”ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം എത്രയാണ് അനുവദിച്ചതെന്ന് അറിയാമോ? ഇതിനെയൊക്കെ കുറിച്ച് സഭാംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ?” എന്ന് മുഖ്യമന്ത്രി ചോദിച്ചു

ഒരുവേള സ്തംബ്ധനായ എം.എല്‍.എ കേന്ദ്രത്തില്‍ നിന്ന് കിട്ടുന്ന സഹായം അപര്യാപ്തമാണ് എന്നതില്‍ സംശമില്ലെന്നും കേരളത്തിന്റെ ധനസ്ഥിതി എല്ലാം പരിഗണിച്ച്, നമുക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.

സഹായധനം കൂട്ടണമെന്നും മലങ്കര ഡാം തുറന്നതില്‍ വീഴ്ചയുണ്ടായെന്നും എല്‍ദോ പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് തന്റെ പ്രസംഗത്തിനിടെ സമയം നല്‍കിയതും മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് കാരണമായി.

പ്രളയത്തില്‍ ഇതുവരെ 483 പേര്‍ മരിച്ചതായി നിയമസഭയുടെ പ്രത്യേകസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 14 പേരെ കാണാതായതായും 140 പേര്‍ ചികില്‍സയിലുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

59,296 പേര്‍ ഇപ്പോഴും ദുരിതാശ്വാസക്യാംപുകളിലാണ്. പ്രളയമുണ്ടാക്കിയ നഷ്ടം കേരളത്തിന്റെ വാര്‍ഷികപദ്ധതിതുകയേക്കാള്‍ വലുതാണ്. 57,000 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. പ്രവചിച്ചതിനേക്കാള്‍ മൂന്നിരട്ടി മഴ പെയ്തതാണ് നൂറ്റാണ്ടിലെ വലിയ വെള്ളപ്പൊക്കമുണ്ടാക്കിയതെന്നും ഭരണകൂടസംവിധാനങ്ങള്‍ ഉപയോഗിച്ച് അതിനെ ഫലപ്രദമായി നേരിടാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!