വീണ്ടും ആള്‍ക്കൂട്ടക്കൊല: കാലി മോഷണമാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു

പോത്തിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് 22 കാരനായ മുസ്‍ലിം യുവാവിനെ ആള്‍ക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഭോലാപൂർ ഹിന്ദോലിയ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഷാറൂഖ് ഖാൻ എന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമടഞ്ഞു. മാജിദ് അലി, പപ്പു എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം പോത്തിനെ മോഷ്ടിക്കുന്നതിനിടയിലാണ് ഷാരൂഖിനെ പിടികൂടിയതെന്ന് നാട്ടുകാര്‍ പറയുന്നു. യുവാവിനെ അടിച്ചിട്ട ശേഷം നാട്ടുകാര്‍ പൊലീസിനെ വിളിക്കുകയായിരുന്നു.

ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റമോര്‍ട്ടം പറയുന്നു. ഷാരൂറിന്റെ സഹോദരന്‍ ഫിറോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കാലിയുടെ ഉടമയായ ഗജേന്ദ്ര പാല്‍ എന്നയാളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മൂന്നു പേരും കൂടെ പോത്തിനെ മോഷ്ടിക്കുമ്പോള്‍ ഞാന്‍ നാട്ടുകാരെ വിളിച്ചുണര്‍ത്തി. രണ്ടു പേര്‍ തുരങ്കം വഴി ചാടി രക്ഷപ്പെട്ടപ്പോള്‍ ഷാരൂഖിനെ പിടികൂടി. നാട്ടുകാര്‍ ഷാരൂഖിനെ അടിക്കാന്‍ തുടങ്ങിയപ്പോള്‍ താനാണ് പൊലീസിനെ വിവരമറിയിച്ചത്. ഗജേന്ദ്ര പാല്‍ പറഞ്ഞു. ദുബൈയില്‍ എംബ്രോയിഡറി ജോലി ചെയ്തിരുന്ന ഷാരൂഖ് പെരുന്നാളിനായി കഴിഞ്ഞമാസമാണ് നാട്ടിലെത്തിയത്.

error: Content is protected !!