പാപ്പിനിശ്ശേരി -പിലാത്തറ റോഡ് ഉദ്ഘാടനം സപ്തംബറില്‍ ;സുരക്ഷക്ക് ക്യാമറ സംവിധാനം

കണ്ണൂര്‍ : പാപ്പിനിശ്ശേരി -പിലാത്തറ കെഎസ്ടിപി റോഡ് സപ്തംബര്‍ രണ്ടാം വാരം ഉദ്ഘാടനം ചെയ്യാന്‍ കഴിയുംവിധം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ ടി വി രാജേഷ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സപ്തംബര്‍ അഞ്ചിനകം റോഡ് മാര്‍ക്കിങ്ങ് ഒഴികെയുള്ള എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കെഎസ്ടിപി അധികൃതര്‍ അറിയിച്ചു.

റോഡില്‍ ആധുനിക സാങ്കേതിക സംവിധാനത്തോടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും യോഗം നിര്‍ദേശിച്ചു. റോഡപകടങ്ങള്‍ തടയുന്നതിന് നാറ്റ്പാക്ക് സംഘം ശുപാര്‍ശ ചെയ്ത നടപടികള്‍ കൈക്കൊള്ളുന്നതിന് ധാരണയായി. ഈ മേഖലയിലെ വര്‍ധിച്ചുവരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ടി വി രാജേഷ് എംഎല്‍എയുടെ പ്രത്യേക നിര്‍ദേശപ്രകാരം നാറ്റ്പാക്ക് സര്‍വ്വെയും പഠനവും നടത്തിയിരുന്നു. പ്രധാന സ്ഥലങ്ങളെയെല്ലാം ഉള്‍പ്പെടുത്തി നിരീക്ഷണ ക്യാമറ സംവിധാനം ഏര്‍പ്പെടുത്തുകയെന്നതാണ് നാറ്റ്പാക്ക് സംഘത്തിന്റെ ശുപാര്‍ശയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇതിന് 86 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഈ ഫണ്ടിനായി റോഡ് സേഫ്റ്റി കൗണ്‍സിലിന് ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു.

പാപ്പിനിശ്ശേരി – പിലാത്തറ കെ എസ് ടി പി റോഡ് പ്രവൃത്തി പുരോഗതി ടി വി രാജേഷ് എം എൽ എ യുടെ നേതൃത്തിൽ വിലയിരുത്തുന്നു

അമിതവേഗതയില്‍ പോകുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറ, ചുവന്ന ലൈറ്റ് അവഗണിച്ച് പോകുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനുള്ള ക്യാമറ, ഹെല്‍മെറ്റ് ഇല്ലാതെ പോകുന്ന ഇരുചക്ര വാഹനയാത്രക്കാരെ കണ്ടെത്തുന്ന ക്യാമറ എന്നിങ്ങനെ മൂന്ന് വിധത്തിലായിരിക്കും നിരീക്ഷണ സംവിധാനം. പിലാത്തറ, പഴയങ്ങാടി പാലം, കണ്ണപുരം പൊലീസ് സ്‌റ്റേഷന്‍, പാപ്പിനിശ്ശേരി ജങ്ഷന്‍ എന്നിവിടങ്ങളിലാണ് നമ്പര്‍പ്ലേറ്റ് റീഡര്‍ ക്യാമറ ശുപാര്‍ശ ചെയ്തിട്ടുള്ളത്. സിഗ്നല്‍ സംവിധാനമുള്ള ജങ്ഷനുകളിലാണ് ചുവന്ന ലൈറ്റ് അവഗണിച്ച് പോകുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനുള്ള ക്യാമറ സ്ഥാപിക്കുക. മറ്റ് 26 കേന്ദ്രങ്ങളില്‍ പൊതുവായ നിരീക്ഷണ ക്യാമറ സ്ഥാപിക്കാനും നാറ്റ്പാക്ക് പഠനം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ടൗണുകളിലും പ്രധാന ജങ്ഷനുകളിലും ഓടകള്‍ കോണ്‍ക്രീറ്റ് സ്ലാബിട്ട് മൂടണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. വേഗ നിയന്ത്രണത്തിനും മറ്റ് അപകട സൂചനകള്‍ നല്‍കുന്നതിനുമുള്ള ബോര്‍ഡുകള്‍, സിഗ്നലുകള്‍, റോഡിലെ അടയാളങ്ങള്‍ എന്നിവ ശാസ്ത്രീയമായ രീതിയില്‍ സ്ഥാപിക്കാനും യോഗം നിര്‍ദേശം നല്‍കി. മഴ കഴിയുന്നതോടെ ഈ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് കെഎസ്ടിപി അധികൃതര്‍ അറിയിച്ചു. ആവശ്യമായ ഇടങ്ങളില്‍ സ്ഥല ലഭ്യതക്കനുസരിച്ച് ബസ്സ്‌റ്റോപ്പുകളും നിര്‍മിക്കും. കഴിയാവുന്ന സ്ഥലങ്ങളില്‍ കാല്‍നട യാത്ര സുരക്ഷിതമാക്കാന്‍ നടപ്പാതയ്ക്ക് സുരക്ഷാ വേലി നിര്‍മിക്കാനും നിര്‍ദേശിച്ചു.

ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് അംഗം പി പി ഷാജിര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ വി രാമകൃഷ്ണന്‍, പി കെ ഹസ്സന്‍കുഞ്ഞി, കെ നാരായണന്‍, എ സുഹറാബി, ഇ പി ഓമന, നാറ്റ്പാക്ക് പ്രൊജക്ട് എഞ്ചിനീയര്‍ കെ ഷിജില്‍, സയന്റിസ്റ്റ് അനീഷ്, കെഎസ്ടിപി, ആര്‍ടിഒ, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

error: Content is protected !!